തിരുവനന്തപുരം: ന്യൂഡൽഹിയിൽ നിന്നും യാത്രക്കാരുമായി കേരളത്തിലേക്ക് പുറപ്പെട്ട ആദ്യ ട്രെയിൻ പുലർച്ചെ 5.15ന് തിരുവനന്തപുരം സെൻട്രൽ റെയിൽവെ സ്റ്റേഷനിലെത്തി. 348 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇവരിൽ തിരുവനന്തപുരത്തുള്ള 131 പേരും കൊല്ലത്തുള്ള 74 പേരും പത്തനംതിട്ടയിലുള്ള 64 പേരും ആലപ്പുഴ-കോട്ടയം എന്നിവിടങ്ങളിലുള്ള 21 പേരും തമിഴ്നാട് നിന്നുള്ള 58 പേരുമുണ്ട്.

ഇവരെ കൊണ്ടുപോകുന്നതിനായി തമിഴ്നാട്ടിലേക്ക് അഞ്ച് ബസുകളും കൊല്ലം-പത്തനംതിട്ട എന്നിവിടങ്ങളിലേക്ക് രണ്ട് ബസുകളും ആലപ്പുഴ, കോട്ടയം, കാട്ടാക്കട, നെയ്യാറ്റിൻകര, ആറ്റിങ്ങൽ, നെടുമങ്ങാട് എന്നിവിടങ്ങളിലേക്ക് ഓരോ ബസ്സുകൾ വീതവും യാത്രയായി.

യാത്രക്കാരെ കൃത്യമായ ആരോഗ്യ പരിശോധന നടത്തിയാണ് പുറത്തിറക്കിയത്. ഇതിനായി പത്ത് കൗണ്ടറുകൾ സജ്ജമാക്കിയിരുന്നു. യാത്രക്കാരിൽ രോഗലക്ഷണം പ്രകടിപ്പിച്ച പത്തനംതിട്ട സ്വദേശിയായ വ്യക്തിയെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുംബൈയിൽ നിന്നാണ് ഇയാൾ ട്രെയിനിൽ കയറിയത്. തിരുവനന്തപുരത്തേക്ക് ടിക്കറ്റ് എടുത്ത കുറച്ചുപേർ എറണാകുളത്തിറങ്ങി. യാത്രക്കാരെ പൂർണമായും പുറത്തിറക്കിയ ശേഷം റെയിൽവെ സ്റ്റേഷൻ അണുവിമുക്തമാക്കി. വിവിധയിടങ്ങളിലേക്ക് യാത്രക്കാരെ കൊണ്ടുപോയ ടാക്സികളും അണുവിമുക്തമാക്കി.