കേരളത്തിലെ പൊതുവിദ്യാലയങ്ങൾ രാജ്യത്തിനു തന്നെ മാതൃകയാണെന്ന് സാംസ്‌ക്കാരിക-നിയമ-പട്ടികജാതി-വർഗ വകുപ്പ് മന്ത്രി എ.കെ. ബാലൻ പറഞ്ഞു. പഴമ്പാലക്കോട് എസ്.എം.എം ഹയർസെക്കന്ററി സ്‌കൂൾ ഹൈടെക് ക്ലാസ്‌റൂം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിലെ വികസന പ്രവർത്തനങ്ങൾക്ക് മാതൃകയാണ് പൊതുവിദ്യാലയങ്ങളുടെ ഇന്നത്തെ പുരോഗതി. ജനപങ്കാളിത്തത്തോടെ മാത്രമേ വിദ്യാഭ്യാസ മേഖലയിലെ പുരോഗതികൾ പൂർത്തീകരിക്കാൻ കഴിയുകയുള്ളൂ. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വളർച്ചക്ക് പ്രധാനാധ്യാപകർക്ക് ഇഛാശക്തിയുണ്ടാകണമെന്നും മന്ത്രി പറഞ്ഞു.

ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ. ശാന്തകുമാരി അധ്യക്ഷത വഹിച്ചു. തരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. മനോജ്കുമാർ ഹൈടെക് ക്ലാസ്‌റൂമിന്റെ സ്വിച്ച്ഓൺ കർമ്മം നിർവഹിച്ചു. ബ്‌ളോക്ക്പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷൻ ടി. വാസു, അംഗങ്ങളായ ജോഷി, ചെന്താമരാക്ഷൻ, സ്‌കൂൾ പ്രിൻസിപ്പൽ ഫിറോസ് മാസ്റ്റർ, സ്‌കൂൾ പ്രധാനാധ്യാപക രത്‌നകുമാരി, ജയപ്രകാശ് മാസ്റ്റർ, ജോൺ മാസ്റ്റർ, പി.ടി.എ പ്രസിഡന്റ് ബാലകൃഷ്ണൻ, രാധാകൃഷ്ണൻ, അംബിക എന്നിവർ സംസാരിച്ചു.