കൊച്ചി: ജില്ലാ ഭരണകൂടത്തിന്റെയും മൈനർ ഇറിഗേഷൻ വകുപ്പിന്റെയും ആഭിമുഖ്യത്തിൽ അൻപൊടു കൊച്ചിയുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന 100 കുളം മൂന്നാം ഘട്ടം പദ്ധതിയുടെ ഭാഗമായി മൂന്ന് പൊതുകുളങ്ങൾ ഞായറാഴ്ച ശുചീകരിച്ചു. സംസ്ഥാന സർക്കാരിന്റെ ഹരിത കേരളം പദ്ധതിയിലുൾപ്പെടുത്തിയാണ് കുളങ്ങൾ നവീകരിക്കുന്നത്. കൊച്ചി കപ്പൽശാലയുടെ സാമൂഹിക പ്രതിബദ്ധത പദ്ധതിയിൽ നിന്നുള്ള ധനസഹായവും കുളം നവീകരണപദ്ധതിയ്ക്കുണ്ട്.
തൃക്കാക്കര നഗരസഭയിൽ ചെമ്പുമുക്കിലുള്ള വരിക്കോരിച്ചിറ, ചോറ്റാനിക്കര പഞ്ചായത്തിലെ കണിച്ചിറ കോളനിക്കടുത്ത് വയലിൽ പാടം കുളം, മുളന്തുരുത്തി പഞ്ചായത്തിലെ ആരക്കുന്നത്തെ പുത്തൻകുളം എന്നീ പൊതുകുളങ്ങളാണ് ഇന്നലെ പൊതുജന പങ്കാളിത്തത്തോടെ ശുചീകരിച്ചത് ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫീറുള്ള മൂന്നിടത്തും എത്തി ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളിയായി. വരിക്കോരിച്ചിറയിൽ പി.ടി. തോമസ് എം.എൽ.എയും വൃത്തിയാക്കലിന് നേതൃത്വം നൽകാനെത്തി.
ചോറ്റാനിക്കരയിലെയും മുളന്തുരുത്തിയിലെയും കുളങ്ങളുടെ ശുചീകരണം ഉൽസവാന്തരീക്ഷത്തിലാണ് നടന്നത്. ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓമന ശശി, അംഗം ജോൺസൺ എന്നിവരുടെ നേതൃത്വത്തിലായിരുന്നു വയലിൽപാടം കുളം ശുചീകരണം. വരിക്കോലി മുത്തൂറ്റ് എഞ്ചിനീയറിംഗ് കോളേജ് എൻ.എസ്.എസ് ടെക്‌നിക്കൽ സെൽ വാളന്റിയേഴ്‌സും പങ്കെടുത്തു. ആരക്കുന്നം പുത്തൻകുളം ശുചീകരണത്തിന് മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രഞ്ജി കുര്യൻ, അംഗം ഷീജ സുബി എന്നിവർ നേതൃത്വം നൽകി. ജനപ്രതിനിധികൾ, കുടുംബശ്രീ, തൊഴിലുറപ്പ് തൊഴിലാളികൾ, യുവജന ക്ലബ് അംഗങ്ങൾ, നാട്ടുകാർ എന്നിവർ പങ്കാളികളായി. 
കുളങ്ങൾ ശുചീകരിച്ച ശേഷം  വൃത്തിയായി സൂക്ഷിക്കേണ്ട ഉത്തരവാദിത്തം തദ്ദേശസ്ഥാപനങ്ങളും പ്രദേശവാസികളും ഏറ്റെടുക്കണമെന്ന് ജില്ലാ കളക്ടർ നിർദ്ദേശിച്ചു. മൈനർ ഇറിഗേഷൻ എക്‌സിക്യുട്ടിവ് എഞ്ചിനീയർ ഗീതാദേവി, ഹരിത കേരളം മിഷൻ ജില്ലാ കോർഡിനേറ്റർ സുജിത് കരുൺ, അസി.എക്‌സി.എഞ്ചിനീയർ സുജാത, അസിസ്റ്റന്റ് എഞ്ചിനീയർമാർ, അൻപൊട് കൊച്ചി വാളന്റിയർമാർ എന്നിവരും കളക്ടർക്കൊപ്പമുണ്ടായിരുന്നു.