കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മാർച്ച് 11ന് നടന്ന അവലോകനത്തിൽ കന്യാകുമാരിക്ക് തെക്ക്  ശ്രീലങ്കയ്ക്ക് പടിഞ്ഞാറ് ഉൾക്കടലിൽ ന്യൂനമർദ്ദം നിലനിൽക്കുന്നു എന്നും ഇത് ശക്തിപ്പെടാൻ സാധ്യത ഉണ്ടെന്നും സൂചനയുണ്ട്. ഈ ന്യൂനമർദ്ദം അടുത്ത 48 മണിക്കൂറിൽ ശക്തിപ്പെടാനും പടിഞ്ഞാറ് – വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കാനും സാധ്യതയുണ്ട് എന്നാണ് നിരീക്ഷണം. കടലിനുള്ളിൽ കാറ്റിന്റെ വേഗത 60 കിലോമീറ്റർ വരെയും, തിരമാല സാധാരണയിൽ നിന്നും 3.2 മീറ്റർ വരെ ആകാനും സാധ്യതയുണ്ട്. അതിനാൽ മത്സ്യത്തൊഴിലാളികൾ ശ്രീലങ്കക്ക് പടിഞ്ഞാറും, ലക്ഷദീപിന് കിഴക്കും, കന്യാകുമാരിക്കും തിരുവനന്തപുരത്തിനും പടിഞ്ഞാറും ഉള്ള തെക്കൻ ഇന്ത്യൻ കടലിൽ രണ്ട് ദിവസം (13-03-2018 വരെ) മത്സ്യബന്ധനം നടത്തരുത് എന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു. മുൻപ് ന്യൂനമർദ്ദം പടിഞ്ഞാറേയ്ക്ക് പോകുമെന്നായിരുന്നു പ്രവചനം. എന്നാൽ ഇപ്പോൾ പടിഞ്ഞാറ് വടക്ക് പടിഞ്ഞാറൻ ദിശയിൽ തിരിയും എന്നാണ് നിരീക്ഷണം.