17 കോടിയുടെ വില്‍പ്പന, 7 ലക്ഷത്തിലേറെ സന്ദര്‍ശകര്‍, 250 രൂപവീതമുള്ള കൂപ്പണുകളിലൂടെ കുട്ടികള്‍ക്ക് സമ്മാനിച്ചത് 70 ലക്ഷം രൂപയുടെ പുസ്തകങ്ങള്‍

കൊച്ചി: കേരളം കണ്ട ഏറ്റവും വലിയ പുസ്തകോത്സവത്തിന് കൊച്ചിയില്‍ തിരശ്ശീല വീണു. സംസ്ഥാന സര്‍ക്കാര്‍, സഹകരണ വകുപ്പിന്റെ കീഴില്‍ സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം മുഖേന വാര്‍ഷിക പരിപാടിയായി പ്രഖ്യാപിച്ച കൃതി അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ആദ്യപതിപ്പ് പ്രതീക്ഷിച്ചതിനേക്കാള്‍ വന്‍വിജയമായി. കൃതിയെ നെഞ്ചേറ്റിയ കേരളമെമ്പാടുമുള്ള അക്ഷരപ്രേമികള്‍ക്ക് സഹകരണ, ടൂറിസം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നന്ദി പറഞ്ഞു.

കൊച്ചി മറൈന്‍ ഡ്രൈവില്‍ സമാപിച്ച പുസ്തകോത്സവം വലിപ്പത്തിലും സൗകര്യങ്ങളുടെ ആഗോള നിലവാരത്തിലും വൃത്തിയിലും വെടുപ്പിലും വലുപ്പ-ചെറുപ്പമില്ലാതെ പങ്കെടുത്ത പ്രസാധക സാന്നിധ്യത്തിലും മാത്രമല്ല വില്‍പ്പനയിലും സന്ദര്‍ശകരുടെ എണ്ണത്തിലുമെല്ലാം മികച്ചതായി. 160-ഓളം സ്റ്റാളുകളിലായി 17 കോടി രൂപയിലേറെ പുസ്തകങ്ങളുടെ വില്‍പ്പന നടന്നതായി മന്ത്രി പറഞ്ഞു. ചെറുകിട-ഇടത്തരം പ്രസാധകര്‍ക്കും മികച്ച വില്‍പ്പനയുണ്ടായി. സാമ്പത്തികപ്രതിസന്ധിയ്ക്കിടയില്‍ വന്ന ഈ കുതിപ്പ് കേരളത്തിലെ പ്രസാധക മേഖലയ്ക്ക് കരുത്ത് നല്‍കുമെന്നും മന്ത്രി പറഞ്ഞു.

‘ഇതിനെല്ലാമുപരിയായി രാജ്യത്തെ ജനാധിപത്യം വെല്ലുവിളികള്‍ നേരിടുന്ന ഇക്കാലത്ത് നവോത്ഥാനപ്രസ്ഥാനങ്ങളിലൂടെയും കേരളാ മോഡല്‍ സമഗ്ര വികസനത്തിലൂടെയും മാതൃകയായ സംസ്ഥാനത്തിന് വമ്പിച്ച ഒരു സാംസ്‌കാരിക ഉണര്‍വു പകരാനും മേളയ്ക്ക് കഴിഞ്ഞു,’ കടകംപള്ളി സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

ലോകത്താദ്യമായി നടപ്പാക്കിയ ഒരു കുട്ടിക്ക് ഒരു പുസ്തകം പദ്ധതിയില്‍ 250 രൂപ വീതമുള്ള കൂപ്പണുകളിലൂടെ 70 ലക്ഷം രൂപയുടെ പുസ്തകങ്ങള്‍ കുട്ടികള്‍ക്ക് സമ്മാനിച്ചതായും മന്ത്രി പറഞ്ഞു. കൂപ്പണുകള്‍ക്കായി സംഭാവനകള്‍ നല്‍കിയ സഹകരണസ്ഥപാനങ്ങളേയും പൊതുമേഖലാ സ്ഥാപനങ്ങളേയും വ്യക്തികളേയും മന്ത്രി അഭിനന്ദിക്കുകയും കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു.

മറൈന്‍ ഡ്രൈവില്‍ കൃതി പുസ്തകോത്സവം നടക്കുമ്പോള്‍ അതിന്റെ ഭാഗമായി ചരിത്രമുറങ്ങുന്ന ബോള്‍ഗാട്ടിയില്‍ നാലു ദിവസത്തെ സാഹിത്യ-വിജ്ഞാനോത്സവം സംഘടിപ്പിച്ചതും ഏറെ ശ്രദ്ധേയമായിരുന്നു. സര്‍ഗാത്മക സാഹിത്യത്തില്‍ എന്നും സജീവമായ സംസ്ഥാനം വൈജ്ഞാനിക മേഖലയില്‍ പിറകിലാണെന്ന യാഥാര്‍ത്ഥ്യം കണക്കിലെടുത്ത് വൈവിധ്യമാര്‍ന്ന ജീവല്‍വിഷയങ്ങളെ അടിസ്ഥാനമാക്കി വിദഗ്ധര്‍ പങ്കെടുത്ത സെഷനുകള്‍ സാഹിത്യ-വിജ്ഞാനോത്സവത്തെ മികച്ചതാക്കി. വരുംനാളുകളില്‍ കേരളത്തിന്റെ സമഗ്ര മുന്നേറ്റത്തിന് വഴിതുറക്കാന്‍ സാധ്യമായ ഉള്‍ക്കാഴ്ചക്കളും സ്ഥിതിവിവരക്കണക്കുകളും ഉള്‍പ്പെട്ട ഈ സെഷനുകളുടെ വിഡിയോകള്‍ മുഴുവനും കൃതിയുടെ വെബ്‌സൈറ്റിലും ഫേസ്ബുക്ക് പേജിലും ലഭ്യമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

‘അടുത്ത കൃതിയ്ക്കായി കൊച്ചിക്കാര്‍ ഉറ്റുനോക്കുന്നുവെന്നാണ് സര്‍ക്കാരിന് മനസ്സിലാക്കാന്‍ കഴിയുന്നത്. ഈ പ്രതീക്ഷയ്ക്ക് മുള പാകിയ സംഘാടക മികവിന,് ഇതിനു പിന്നില്‍ അഘോരാത്രം പ്രവര്‍ത്തിച്ച എല്ലാവരേയും അഭിനന്ദിക്കുന്നു. വരുന്ന ദിവസങ്ങളിലൊന്നില്‍ അടുത്ത കൃതിയുടെ തീയതി പ്രഖ്യാപിക്കാമെന്ന് കുരുതന്നുവെന്നും മന്ത്രി പറഞ്ഞു.