ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും

തിരുവനന്തപുരം തോന്നയ്ക്കല്‍ ലൈഫ് സയന്‍സ് പാര്‍ക്കിലെ അന്താരാഷ്ട്ര വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആദ്യഘട്ട പ്രവര്‍ത്തനം ഒക്ടോബര്‍ 15 ന് ആരംഭിക്കും. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. കോവിഡ് ഉള്‍പ്പെടെയുള്ള വൈറസ് രോഗനിര്‍ണയത്തിനാവശ്യമായ ആര്‍.റ്റി.പി.സി.ആര്‍, മറ്റ് ഗവേഷണാവശ്യങ്ങള്‍ക്കുള്ള ജെല്‍ ഡോക്യുമെന്റേഷന്‍ സിസ്റ്റം, ബയോസേഫ്റ്റി ലെവല്‍ ക്യാബിനറ്റ്സ്, കാര്‍ബണ്‍ ഡയോക്സൈഡ് ഇന്‍കുബേറ്റര്‍, സെന്‍ട്രിഫ്യൂജ്, ഇലക്ട്രോഫോറസിസ് യൂണിറ്റ്, വാട്ടര്‍ബാത്ത് സിസ്റ്റം, നാനോഫോട്ടോമീറ്റര്‍ തുടങ്ങി ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട ഉപകരണങ്ങളെല്ലാം ഇവിടെ സജ്ജമായി. നിലവില്‍ ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് പൂര്‍ണ പ്രവര്‍ത്തനസജ്ജമാകുന്നതോടെ സ്വയംഭരണ സ്ഥാപനമായി ഉയര്‍ത്താനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിനായി മുഖ്യമന്ത്രി അധ്യക്ഷനായ ഗവേണിംഗ് കൗണ്‍സില്‍ രൂപീകരിച്ചിട്ടുണ്ട്.

25,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള പ്രീഫാബ് കെട്ടിടത്തിലാണ് പുതിയ വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുക. ആകെ 80,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള അത്യാധുനിക സൗകര്യങ്ങളുള്ള മന്ദിരമാണ് ഇന്‍സ്റ്റിറ്റ്യൂട്ടിനായി സജ്ജമാക്കുന്നത്. വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട്, കേന്ദസര്‍ക്കാര്‍ സ്ഥാപനമായ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചുമായി സഹകരിച്ച് പ്രവര്‍ത്തിക്കും. വൈറല്‍ വാക്‌സിന്‍സ്, ആന്റി വൈറല്‍ ഡ്രഗ് റിസര്‍ച്ച്, വൈറല്‍ ആപ്ലിക്കേഷന്‍സ്, വൈറല്‍ എപിഡെര്‍മോളജി വെക്ടര്‍ ഡൈനാമിക്‌സ് ആന്‍ഡ് പബ്ലിക് ഹെല്‍ത്ത്, വൈറസ് ജെനോമിക്‌സ്, ബയോ ഇന്‍ഫര്‍മാറ്റിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ്, ജനറല്‍ വൈറോളജി തുടങ്ങിയ ഗവേഷണ വിഭാഗങ്ങളും ഇന്‍സ്റ്റിറ്റ്യൂട്ടിലുണ്ടാകും.

ഡയറക്ടര്‍ക്ക് പുറമെ സീനിയര്‍ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ്, സയന്റിസ്റ്റ്-എഫ്, സയന്റിസ്റ്റ് ഇ-2, സയന്റിസ്റ്റ് സി, ടെക്നിക്കല്‍ ഓഫീസര്‍, ടെക്നിക്കല്‍ അസിസ്റ്റന്റ് എന്നിവരുടെ 18 പുതിയ തസ്തികകള്‍ സര്‍ക്കാര്‍ അംഗീകരിച്ച് ഉത്തരവായിട്ടുണ്ട്. വിവിധ വൈറോളജി ഗവേഷണ വിഷയങ്ങള്‍ ആസ്പദമാക്കി എട്ട് സയന്റിഫിക് ഡിവിഷനുകളാണ് ഇവിടെ വിഭാവനം ചെയ്തിട്ടുള്ളത്. രോഗനിര്‍ണയ സംവിധാനത്തോട് അനുബന്ധിച്ചുള്ള ക്ലിനിക്കല്‍ വൈറോളജിയും വൈറല്‍ ഡയഗനോസ്റ്റിക്‌സുമാണ് ആദ്യഘട്ടത്തില്‍ തുടങ്ങുന്ന രണ്ടു വിഭാഗങ്ങള്‍. ഇതോടൊപ്പം ബി.എസ്.എല്‍ 3 ലബോറട്ടറി സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്.