കൊച്ചി മെട്രോ നിര്‍മ്മാണത്തോടൊപ്പം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത പ്രാഥമിക പ്രവൃത്തികളുടെ ഭാഗമായുള്ള നാലുവരി ചമ്പക്കര പാലം യാഥാർഥ്യമായി. ഒക്ടോബർ 15 ന് മുഖ്യമന്ത്രി പിണറായി വിജയൻ പാലം ഉദ്ഘാടനം ചെയ്യുന്നു.

വളരെ മോശം അവസ്ഥയിൽ രണ്ടു വരി മാത്രം ഉണ്ടായിരുന്ന പാലത്തിൽ നടപ്പാതയ്ക്കുള്ള സൗകര്യവും ഇല്ലായിരുന്നു. അതിനാലാണ് മെട്രോ പാതയുടെ ഇരുവശവുമായി വിസ്തൃതമായ നാലുവരി പാത ഉണ്ടാക്കുന്നതിന് സർക്കാർ തീരുമാനമെടുത്തത്.

ആദ്യഘട്ടത്തിൽ ഇരുവശത്തേക്കും യാത്ര അനുവദിച്ചുകൊണ്ട് ഒരു വശത്തെ പാലം എല്ലാ റോഡ് സുരക്ഷാമുന്‍കരുതലുകളും ഉറപ്പാക്കികൊണ്ട് നിര്‍മ്മിച്ച് 2019 മെയ് മാസത്തിൽ ഗതാഗതത്തിനായി തുറന്നുകൊടുത്തു. ഇപ്പോള്‍ ഇരുവശത്തെ പാലത്തിന്റെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂർത്തിയായിക്കഴിഞ്ഞു. പാലത്തിന്‍റെ ആകെ ദൈര്‍ഘ്യം 245 മീറ്ററാണ്. വേലിയേറ്റ സമയത്ത് തടസ്സങ്ങളില്ലാത്തവിധം ജലയാത്ര സാധ്യമാകുന്ന തരത്തിൽ ആകെ 50 കോടി രൂപ ചെലവിട്ടാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.