കൽപ്പാത്തി ദേശീയ സംഗീതോത്സവത്തിന് നവംബർ എട്ടിന് തുടക്കമാവും. കല്പാത്തി ചാത്തപ്പുരം മണി അയ്യർ റോഡിൽ പ്രത്യേകം സജ്ജീകരിച്ച  ലാൽഗുഡി.ജി.ജയരാമൻ നഗറിൽ   വൈകീട്ട് ആറിന് എം.ബി.രാജേഷ് എം.പി സംഗീതോത്സവം ഉദ്ഘാടനം ചെയ്യും. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ  സംസ്ഥാന ടൂറിസം വകുപ്പിന്റെ  സഹകരണത്തോടെയാണ് പരിപാടികൾ നടത്തുന്നത്. ഷാഫി പറമ്പിൽ എം.എൽ.എ അധ്യക്ഷനാകുന്ന പരിപാടിയിൽ നഗരസഭാ ചെയർപേഴ്‌സൺ പ്രമീളാ ശശിധരൻ, ജില്ലാ കലക്ടർ ഡോ: പി.സുരേഷ് ബാബു, നഗരസഭാംഗങ്ങൾ , സംഗീത വിദ്വാൻ മാർ , ഡി.റ്റി.പി.സി.ഉദ്യോഗസ്ഥർ പങ്കെടുക്കും.  നവംബർ എട്ടിന് പുരന്ദരദാസ ദിനത്തിൽ വൈകീട്ട് ഏഴിന് നടക്കുന്ന റിത്വിക് രാജയുടെ സംഗീത കച്ചേരിക്ക്  ആർ.കെ.ശ്രീരാംകുമാർ (വയലിൻ),  ശ്രീമൂഷ്ണം രാജാറാവു (മൃദംഗം), എസ്.വി. രമണി (ഘടം) എന്നിവർ പക്കമേളമൊരുക്കും. ഏഴ് ദിവസം നീണ്ട് നിൽക്കുന്ന സംഗീതോത്സവത്തിന്റെ സമാപന സമ്മേളനം  നവംബർ 13ന് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ.ബാലൻ ഉദ്ഘാടനം ചെയ്യും.