ലോക്സഭ തിരഞ്ഞെടുപ്പ്

ജില്ലയിൽ ക്യാമറ നിരീക്ഷണത്തിൽ 1745 ബൂത്തുക


ലോക്സഭ തിരഞ്ഞെടുപ്പില്‍ സുരക്ഷിതമായ വോട്ടെടുപ്പ് ഉറപ്പാക്കുന്നതിനായി മുഴുവൻ സമയവും സജീവമായി കളക്ടറേറ്റിലെ കൺട്രോൾ റൂം. കാക്കനാട് കളക്ടറേറ്റിലെ ഒന്നാം നിലയിലുള്ള സ്പാർക്ക് ഹാളിലാണ് കൺട്രോൾ റൂം ഒരുക്കിയത്. വെബ്കാസ്റ്റിംങ് സംവിധാനം, പാേൾ മാനേജർ, കോൾ സെൻ്റർ, ജിപിഎസ് മോണിറ്ററിങ് എന്നീ സംവിധാനങ്ങളാണ് കൺട്രോൾ റൂമിൽ നിന്ന് തൽസമയം നിരീക്ഷിച്ചുകൊണ്ടിരുന്നത്.

എറണാകുളം മണ്ഡലം പൊതു നിരീക്ഷക ശീതൾ ബാസവരാജ് തേലി ഉഗലെ, ചാലക്കുടി മണ്ഡലം പൊതു നിരീക്ഷൻ റിതേന്ദ്ര നാരായയൺ ബസു റോയ് ചൗധരി, എറണാകുളം മണ്ഡലം വരണാധികാരിയും ജില്ലാ കളക്ടറുമായ എൻ എസ് കെ ഉമേഷ്, ചാലക്കുടി മണ്ഡലം വരണാധികാരിയും അഡീഷണൽ ജില്ലാ മജിസ്ട്രേറ്റുമായ ആശാ സി എബ്രഹാം എന്നിവർ യഥാസമയം നിർദ്ദേശങ്ങളും നിരീക്ഷണവുമായി കൺട്രോൾ റൂമിൽ സജീവമായിരുന്നു.

ജില്ലയിൽ 14 നിയമസഭാ മണ്ഡലങ്ങളിലായി 1735 പോളിംഗ് ബൂത്തുകളിലാണ് സുരക്ഷ ഉറപ്പാക്കുന്നതിനായി വെബ്കാസ്റ്റിംങ് ഏര്‍പ്പെടുത്തിയത്. ഓരോ വോട്ടറും ബൂത്തിലെത്തിയതിനുശേഷം വോട്ട് ചെയ്യാനെത്തുന്നതും, രേഖപ്പെടുത്തിയതിന് ശേഷം പുറത്തിറങ്ങുന്നതും ഉള്‍പ്പടെയുളള മുഴുവന്‍ ദൃശ്യങ്ങളും ബൂത്തിന് പുറത്തെ ദൃശ്യങ്ങളും വെബ്കാസ്റ്റിങ് സംവിധാനത്തിലൂടെ തൽസമയം നിരീക്ഷിച്ചു. ഇതിനായി നിയമസഭാ മണ്ഡലം അടിസ്ഥാനത്തിൽ 14 ടെലിവിഷനുകളാണ് കണ്‍ട്രോള്‍ റൂമില്‍ ഒരുക്കിയിരുന്നത്. കൂടാതെ പ്രശ്‌നബാധിത ബൂത്തുകളെ പ്രത്യേകം നിരീക്ഷിക്കാനും, ചാലക്കുടി എറണാകുളം മണ്ഡല അടിസ്ഥാനത്തിൽ വീക്ഷിക്കുന്നതിനുള്ള ക്രമീകരണവും ഒരുക്കിയിരുന്നു.

വെബ്കാസ്റ്റിംങ് നാേഡൽ ഓഫീസർ ചിഞ്ചു സുനിലിന്റെ നേതൃത്വത്തിൽ അക്ഷയ കേന്ദ്രങ്ങളിലെ ജീവനക്കാർ, ഇ- ഡിസ്ട്രിക്ട്, ഇ- ഓഫീസ് എന്നിവിടങ്ങളിലെ എച്ച് എസ് ഇ മാർ, ഐടി മിഷൻ ജീവനക്കാർ എന്നിവരാണ് വെബ്കാസ്റ്റിംങ് നേതൃത്വം നൽകിയത്. ഒരു നിയമസഭാ മണ്ഡലത്തിന് ഒരു മോണിറ്ററിംഗ് ഓഫീസര്‍ എന്ന വിധത്തിലായിരുന്നു ക്രമീകരണം.

പരിശോധനയില്‍ ഏതെങ്കിലും ബൂത്തുകളില്‍ പ്രശ്നം നിലനില്‍ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ അവ ഉടന്‍ ജില്ലാ കളക്ടറെ അറിയിക്കുകയും പ്രശ്നം പരിഹരിക്കുന്നതിനുള്ള നടപടികൾ കൺട്രോൾ റൂമിൽ നിന്ന് സ്വീകരിക്കുകയും ചെയ്തിരുന്നു. പോളിംഗ് ദിനത്തില്‍ രാവിലെ ആറുമുതല്‍ പോളിംഗ് അവസാനിച്ച് ബൂത്തിലെ പ്രവര്‍ത്തനം അവസാനിക്കുന്നത് വരെ വെബ്കാസ്റ്റിങ് സംവിധാനം പ്രവർത്തിച്ചിരുന്നു.

പോള്‍ മാനേജര്‍ വെബ്സൈറ്റ് നിയന്ത്രിക്കുന്നതിനായി നാല് ജീവനക്കാരെയാണ് കണ്‍ട്രോള്‍ റൂമില്‍ നിയോഗിച്ചത്. ജില്ലാ ഇൻഫർമാറ്റിക്സ് ഓഫീസർ മായാ ദേവി, അഡീഷണൽ ജില്ലാ ഇൻഫർമാറ്റിക്സ് ഓഫീസർ ജോർജ് ഈപ്പൻ എന്നിവരുടെ നേതൃത്വത്തിലാണ് പോള്‍ മാനേജര്‍ വെബ്സൈറ്റ് സംവിധാനം ഒരുക്കിയത്. ചാലക്കുടി, എറണാകുളം മണ്ഡലങ്ങളിലെ പോളിംഗ് ശതമാനം അതാത് സമയങ്ങളിൽ വെബ്സൈറ്റ് വഴി അപ്ഡേറ്റ് ചെയ്തു.

പോളിംഗ് ബൂത്തിൽ ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങൾ സംഭവിച്ചാൽ ഉദ്യോഗസ്ഥരെ അറിയിക്കുന്നതിനും സഹായങ്ങൾക്കുമായി കോള്‍ സെന്ററും കൺട്രോൾ റൂമിൽ സജ്ജീകരിച്ചിരുന്നു. പോൾ മാനേജർ സപ്പോർട്ട് ടീമിൻ്റ നേതൃത്വത്തിൽ കോൾ സെൻ്റർ വഴി ലഭിക്കുന്ന കോളുകൾക്ക് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ യഥാസമയം നൽകിക്കൊണ്ടിരുന്നു.

കൂടാതെ പോളിങ് സാമഗ്രികളുമായി സഞ്ചരിക്കുന്ന ഇ.വി.എം വാഹനങ്ങള്‍, ഫ്‌ളയിങ് സ്‌ക്വാഡ്, സ്റ്റാറ്റിക് സര്‍വേലന്‍സ് സ്‌ക്വാഡ് തുടങ്ങിയവയും തത്സമയം നിരീക്ഷിക്കുന്നതിനുള്ള സംവിധാനവും കണ്‍ട്രോള്‍ റൂമില്‍ സജ്ജീകരിച്ചിരുന്നു. പോലീസ്, കെ.എസ്.ഇ.ബി, ഇലക്ഷൻ, റവന്യു തുടങ്ങി വിവിധ വകുപ്പുകളിലെ ജീവനക്കാരും കണ്‍ട്രോള്‍ റൂമില്‍ സജീവമായിരുന്നു.