കുലശേഖരപുരം ഡിവിഷൻ മെംബർ സി. രാധാമണി കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ആകെ പോൾചെയ്ത 26 വോട്ടുകളിൽ 22 ഉം നേടിയാണ് വിജയം. തൊട്ടടുത്ത സ്ഥാനാർത്ഥി കലയപുരം ഡിവിഷൻ മെംബർ ആർ. രശ്മി നാലു വോട്ടുകൾ നേടി.
വരണാധികാരിയായ ജില്ലാ കല്കടർ ഡോ. എസ്. കാർത്തികേയൻ മുമ്പാകെ ദൃഢപ്രതിജ്ഞ ചെയ്ത് സി. രാധാമണി ജില്ലാ പഞ്ചായത്തിന്റെ പുതിയ പ്രസിഡന്റായി ചുമതലയേറ്റു. തുടർന്ന് നടന്ന അനുമോദന യോഗത്തിൽ മുൻ. എം.പി കെ.എൻ. ബാലഗോപാൽ, മുൻ എം.എൽ.എ എൻ. അനിരുദ്ധൻ, പി.എസ്.സി. മുൻ ചെയർമാൻ എം. ഗംഗാധരക്കുറുപ്പ്, ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ. ജഗദമ്മ, പ്രതിപക്ഷ സ്ഥാനാർത്ഥി ആർ. രശ്മി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ. പ്രസാദ്, സീനിയർ സൂപ്രണ്ട് രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.