എൻഡോസൾഫാൻ ദുരിതബാധിതരുടെ അമ്പതിനായിരം മുതൽ മൂന്നു ലക്ഷം രൂപ വരെയുളള കടങ്ങൾ എഴുതിത്തളളുന്നതിന് 7.63 കോടി രൂപ അനുവദിക്കാൻ തീരുമാനിച്ചു. അമ്പതിനായിരം രൂപ വരെയുളള കടങ്ങൾ നേരത്തെ എഴുതിത്തളളിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതലയോഗമാണ് ഈ തീരുമാനമെടുത്തത്. പുതുതായി എൻഡോസൾഫാൻ ദുരിതബാധിതരുടെ പട്ടികയിൽ വന്നവരടക്കം അർഹരായ എല്ലാവർക്കും ദേശീയ മനുഷ്യാവകാശ കമ്മീഷൻ ശുപാർശ പ്രകാരമുളള ധനസഹായം അടിയന്തരമായി കൊടുത്തുതീർക്കാൻ തീരുമാനിച്ചു. ഇതിനുവേണ്ടി 30 കോടി രൂപ സർക്കാർ ലഭ്യമാക്കുന്നതാണ്. സുപ്രീം കോടതിയുടെ നിർദ്ദേശം പാലിച്ചുകൊണ്ടാണ് ഈ തീരുമാനം എടുത്തത്. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ, ആരോഗ്യമന്ത്രി കെ.കെ. ഷൈലജ, ചീഫ് സെക്രട്ടറി പോൾ ആന്റണി, റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യൻ, സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകരൻ, കാസർഗോഡ് കളക്ടർ ജീവൻ ബാബു തുടങ്ങിയവർ പങ്കെടുത്തു. പൂർണ്ണമായി കിടപ്പിലായവർക്കും ബുദ്ധിമാന്ദ്യം സംഭവിച്ചവർക്കും മരണപ്പെട്ടവരുടെ ആശ്രിതർക്കും 5 ലക്ഷം രൂപ വീതവും മറ്റു വൈകല്യങ്ങളുളളവർക്ക് 3 ലക്ഷം രൂപ വീതവും മനുഷ്യാവകാശ കമ്മീഷൻ ശുപാർശ പ്രകാരം നൽകുന്നുണ്ട്. കൂടാതെ ദുരിതബാധിതരായ ക്യാൻസർ രോഗികൾക്ക് 3 ലക്ഷം രൂപയും സർക്കാർ അനുവദിച്ചിട്ടുണ്ട്. ലിസ്റ്റിൽ ഉൾപ്പെടാത്ത ദുരിതബാധിതരുണ്ടെങ്കിൽ മാനദണ്ഡങ്ങൾ പ്രകാരം പരിശോധന നടത്തി നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു. അഞ്ചുഘട്ടങ്ങളായുളള പരിശോധനയിലൂടെയാണ് ധനസഹായത്തിന് അർഹരായ ദുരിതബാധിതരെ നിർണയിക്കുന്നത്. മുഴുവൻ എൻഡോസൾഫാൻ ദുരിതബാധിതരെയും ബി.പി.എൽ. വിഭാഗത്തിൽപ്പെടുത്തി റേഷൻ ആനുകൂല്യങ്ങൾ അനുവദിക്കുന്നതിന് കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കാൻ തീരുമാനിച്ചു. കേന്ദ്രത്തിന്റെ ദേശീയ ഭക്ഷ്യസുരക്ഷാ നിയമം നടപ്പിലാക്കിയപ്പോൾ പല കുടുംബങ്ങളും ബി.പി.എൽ. പട്ടികയിൽ നിന്നും പുറത്തുപോയി. എൻഡോസൾഫാൻ ദുരിതബാധിതർക്ക് പ്രത്യേക പരിഗണനയില്ല. ഇത് കണക്കിലെടുത്താണ് മുഴുവൻ കുടുംബങ്ങളെയും ബി.പി.എൽ. വിഭാഗത്തിൽ ഉൾപ്പെടുത്തുന്നതിന് മാനദണ്ഡങ്ങളിൽ ഇളവുവരുത്താൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുന്നത്. മാനസികവൈകല്യമുള്ള ദുരിതബാധിതരെ പരിപാലിക്കുന്നതിന് ഏഴ് പഞ്ചായത്തുകളിൽ ഇപ്പോൾ ബഡ്‌സ് സ്‌കൂളുകൾ പ്രവർത്തിക്കുന്നുണ്ട്. മൂന്നു പഞ്ചായത്തുകളിൽ ബഡ്‌സ് സ്‌കൂളിന്റെ നിർമ്മാണം ആരംഭിച്ചിട്ടുണ്ട്. മുഴുവൻ ബഡ്‌സ് സ്‌കൂളുകളുടെയും ചുമതല സാമൂഹ്യനീതി വകുപ്പ് ഏറ്റെടുക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. ബഡ്‌സ് സ്‌കൂളുകളുടെ പ്രവർത്തനം മാതൃകാപരമാക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമുളള നടപടികളുടെ ഭാഗമാണിത്. ബഡ്‌സ് സ്‌കൂളുടെ പ്രവർത്തനത്തിന് സന്നദ്ധ സംഘടനകളുടെ സഹായം സ്വീകരിക്കാനും തീരുമാനിച്ചു. പ്ലാന്റേഷൻ കോർപ്പറേഷന്റെ പെരിയ, ചീമേനി, രാജപുരം തോട്ടങ്ങളിലും പാലക്കാട് തെങ്കര കശുമാവിൻതോട്ടത്തിലും സൂക്ഷിച്ചിട്ടുള്ള എൻഡോസൾഫാൻ നിർവീര്യമാക്കി നശിപ്പിക്കുന്നതിന് ആവശ്യമായ പണം സർക്കാർ അനുവദിക്കും. ദുരിതബാധിതർക്കു വേണ്ടി പുനരധിവസ വില്ലേജ് സ്ഥാപിക്കുന്നതിന് സർക്കാർ ഉടനെ ഭരണാനുമതി നൽകും. കമ്പനികളുടെ സാമൂഹ്യഉത്തരവാദിത്ത ഫണ്ട് ഇതിന് പ്രയോജനപ്പെടുത്താൻ കഴിയുമോ എന്ന് പരിശോധിക്കും.