ശബരിമല തീര്‍ത്ഥാടനത്തിന് സംസ്ഥാനത്തിനകത്തു നിന്നും പുറത്തു നിന്നും എത്തുന്ന ഭക്തജനങ്ങള്‍ക്ക് വിശ്രമിക്കുന്നതിന് എല്ലാ സൗകര്യങ്ങളുമുളള ഇടത്താവളങ്ങള്‍ നിര്‍മ്മിക്കുന്നതിന് ദേവസ്വം ബോര്‍ഡുകളും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും തമ്മില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ധാരണാപത്രം ഒപ്പിട്ടു.
വിശാലമായ ഹാള്‍, ഭക്ഷണശാല,ശുചിമുറികള്‍ എന്നീ സൗകര്യങ്ങളുളള ഇടത്താവളങ്ങള്‍ ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലുളള പത്ത് കേന്ദ്രങ്ങളിലാണ് നിര്‍മ്മിക്കുന്നത്.  ഇതിനായി 212 കോടി രൂപയാണ് ചെലവഴിക്കുന്നത്.
തീര്‍ത്ഥാടകരുടെ സഞ്ചാരവീഥികളില്‍ അവര്‍ക്ക് പ്രാഥമിക സൗകര്യങ്ങള്‍, വൃത്തിയുളള ഭക്ഷണശാലകള്‍, അന്നദാനത്തിനുളള സൗകര്യം, വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുളള സൗകര്യം, എ.ടി.എം സൗകര്യം, വാഹനങ്ങള്‍ക്ക് ഇന്ധനം നിറയ്ക്കുന്നതിനുളള സൗകര്യ എന്നീ സൗകര്യങ്ങളില്‍ ഇടത്താവളങ്ങളില്‍ ലഭ്യമാകും.
തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ലഭിക്കുന്ന തരത്തില്‍ വിവിധ പ്രദേശങ്ങളില്‍ ഇടത്താവളങ്ങള്‍ നിര്‍മ്മിക്കുന്നതിന്  ഐ.ഒ.സി പോലുളള പൊതുമേഖലാ സ്ഥാപനങ്ങളുടെ സഹകരണത്തോടെ  പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്റെ സാധ്യത സര്‍ക്കാര്‍ ആലോചിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഐ.ഒ.സിയുമായി ധാരണയിലെത്തിയത്.  ദേവസ്വം ബോര്‍ഡുകളുടെ അധീനതയിലുളള ഭൂമിയില്‍ ഇടത്താവള സമുച്ചയം നിര്‍മ്മിച്ച് നല്‍കുന്നതിന് പകരമായി അനുയോജ്യമായ സ്ഥലത്ത് പമ്പ് പ്രവര്‍ത്തിക്കുന്നതിന് ഐ.ഒ.സിയ്ക്ക് ദേവസ്വം ബോര്‍ഡ് ഭൂമി നല്‍കാവുന്നതാണെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു.  ഈ നിര്‍ദേശത്തിന് അനുസൃതമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 36 സ്ഥലങ്ങള്‍ ഇടത്താവളനിര്‍മ്മാണത്തിനായി കണ്ടെത്തിയിട്ടുണ്ട്.  പമ്പ് സ്ഥാപിക്കുന്നതിന് അനുവദിക്കുന്ന സ്ഥലത്തിന്റെ തറവാടക 30 വര്‍ഷത്തേക്കുളളത് സംയോജിപ്പിച്ചുകൊണ്ടുളള ആകെ തുകയുടെ ആനുപാതികമായ തുകയ്ക്കുളള കെട്ടിട സൗകര്യങ്ങളാണ് ഇടത്താവള സമുച്ചയമായി ഐ.ഒ.സി നിര്‍മ്മിച്ചു നലകുന്നത്.  ഐ.ഒ.സി നിര്‍ദ്ദേശിച്ച് ധാരണാപത്രം പ്രകാരം 30 വര്‍ഷക്കാലയളവില്‍ ഈ പമ്പ് സൗജന്യമായി നടത്തുകയും ആ കാലയളവിന് ശേഷം നിബന്ധനകള്‍ പുന:പരിശോധിക്കുകയും ചെയ്യും.  ആദ്യഘട്ടമായി 10 ഇടങ്ങളിലായി വിഭാവനം ചെയ്യുന്ന പദ്ധതിയില്‍ ഐ.ഒ.സി മുതല്‍ മുടക്കുന്നത് 102.52 കോടി രൂപയാണ്.  ഐ.ഒ.സിക്കു വേണ്ടി റീട്ടെയില്‍ ജനറല്‍ മാനേജര്‍ കെ. നവീന്‍ ചരണും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനുവേണ്ടി കമ്മീഷണര്‍ എന്‍. വാസു, കൊച്ചി ദേവസ്വം ബോര്‍ഡ് സെക്രട്ടറി വി.എ. ഷീജ, മലബാര്‍ ദേവസ്വം ബോര്‍ഡിനുവേണ്ടി നെല്ലിയോട് ഭഗവതി ക്ഷേത്രം ചെയര്‍മാന്‍ എന്‍. ജയരാജന്‍ കാടാംമ്പുഴ ക്ഷേത്രത്തിനെയും തൃത്തല്ലൂര്‍ ക്ഷേത്രത്തിനെയും പ്രതിനിധീകരിച്ച്  എക്‌സിക്യൂട്ടീവ് ഓഫീസര്‍ ടി.സി .ബിജുവുമാണ് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ധാരണാപത്ത്രില്‍ ഒപ്പിട്ടത്.
ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍ സ്വാഗതം പറഞ്ഞു.  തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് എ. പദ്മകുമാര്‍, കൊച്ചി ദേവസ്വം പ്രസിഡന്റ് ഡോ. എം.കെ. സുദര്‍ശന്‍, മലബാര്‍ ദേവസ്വം പ്രസിഡന്റ് ഒ.കെ. വാസു, തിരുവിതാംകൂര്‍ അഡൈ്വസറി കമ്മിറ്റി ചെയര്‍മാന്‍ ടി.കെ. എ. നായര്‍, ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ സി.ജി.എം. പി.എസ്. മണി തുടങ്ങിയവര്‍ സംബന്ധിച്ചു.