സംസ്ഥാന യുവജനകമ്മീഷന്‍ ജില്ലയില്‍ നടത്തിയ അദാലത്തില്‍ ഒന്‍പത് പരാതികള്‍ തീര്‍പ്പാക്കി. യുവജനകമ്മീഷന്‍ 2017-18 കാലയളവില്‍ ജില്ലകളില്‍ സ്വീകരിച്ച പരാതികള്‍ തീര്‍പ്പാക്കുന്നതിന്റെ ഭാഗമായി കാസര്‍കോട് ജില്ലയില്‍ നടത്തിയ രണ്ടാമത്തെ അദാലത്തില്‍ 13 കേസുകളാണ് തീര്‍പ്പാക്കുവാനുണ്ടായിരുന്നത്. സര്‍ട്ടിഫിക്കറ്റുകളും പാസ്‌പോര്‍ട്ടും പിടിച്ചുവയ്ക്കല്‍, വിസ കൊടുക്കാമെന്നും പറഞ്ഞു പണം വാങ്ങി കബളിപ്പിക്കല്‍ ഇങ്ങനെയുള്ള ഒന്‍പതു കേസുകളാണ് കമ്മീഷന്‍ തീര്‍പ്പാക്കിയത്. പുതിയതായി മൂന്നു പരാതികളും സംസ്ഥാന യുവജനകമ്മീഷന്‍ സെക്രട്ടി പി.ഐ ജോകോസ് പണിക്കര്‍, അംഗം കെ.മണികണ്ഠന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അദാലത്തില്‍ പരിഗണിച്ചു.
എയര്‍പോര്‍ട്ടില്‍ ജോലി ശരിയാക്കിക്കൊടുക്കാമെന്നു വിശ്വസിപ്പിച്ച് യുവതിയില്‍ നിന്ന് പണം തട്ടിയെന്ന പരാതിയില്‍ പോലീസിനോട് റിപ്പോര്‍ട്ട് തേടി. പെരിയ കേരള കേന്ദ്ര സര്‍വകലാശാലയെക്കുറിച്ച് വിദ്യാര്‍ഥികളില്‍ നിന്ന് പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സര്‍വകലാശാല കാമ്പസും ഹോസ്റ്റലും മെസും സന്ദര്‍ശിച്ചു. പഞ്ചായത്ത് ഡ്രൈവര്‍മാരുടെ പുതിയ തസ്തിക സൃഷ്ടിക്കണമെന്ന പരാതിയും കമ്മീഷന്‍ സ്വീകരിച്ചു. നിലവില്‍ പഞ്ചായത്തുകളില്‍ താല്‍ക്കാലിക അടിസ്ഥാനത്തിലാണ് ഡ്രൈവര്‍മാരെ നിയമിക്കുന്നത്. ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ്(ജെപിഎച്ച്എന്‍) റാങ്ക് ലിസ്റ്റില്‍ നിലവില്‍ ജില്ലയില്‍ നിന്ന് ഒരാളെ പോലും നിയമിച്ചിട്ടില്ലെന്ന പരാതികളില്‍ ഇവര്‍ക്ക് എങ്ങനെ നിയമനം നല്‍കാന്‍ കഴിയുമെന്ന കാര്യത്തില്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുവാനും കമ്മീഷന്‍ തീരുമാനിച്ചു. ഷീന സി.കുട്ടപ്പന്‍, വി.എന്‍ വൃന്ദ എന്നിവര്‍ പങ്കെടുത്തു.