എറണാകുളം: തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി പൊതു സ്ഥലങ്ങളിൽ പോസ്റ്ററുകളും ബാനറുകളും സ്ഥാപിക്കുന്നത് സംബന്ധിച്ച പെരുമാറ്റച്ചട്ടം കർശനമായി പാലിക്കണമെന്ന് ജില്ലാ കളക്ടർ എസ്.സുഹാസ് നിർദ്ദേശം നൽകി.

പ്രചാരണ പ്രവർത്തനങ്ങൾ വിലക്കിയിട്ടുള്ള പൊതു സ്ഥലങ്ങളിൽ പോസ്റ്ററുകളും ബാനറുകളും മറ്റ് സാമഗ്രികളും സ്ഥാപിക്കരുത്. സർക്കാർ ഓഫീസുകൾ, അവയുടെ പരിസര പ്രദേശങ്ങൾ, ആരാധനാലയങ്ങൾ തുടങ്ങിയ സ്ഥലങ്ങൾ പ്രചാരണ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കരുത്.കൊച്ചി മെട്രോയുടെ
തൂണുകളിലും വസ്തുവകകളിലും പ്രചരണ പോസ്റ്ററുകൾ പതിപ്പിക്കുന്നത് നേരത്തെ തന്നെ വിലക്കിയിട്ടുള്ളതാണ്. പൊതു സ്ഥലത്തോ സ്വകാര്യ സ്ഥലത്തോ പരസ്യം സ്ഥാപിച്ചോ മുദ്രാവാക്യങ്ങൾ എഴുതിയോ
വികൃതമാക്കിയതായി പരാതി ലഭിച്ചാൽ അവ നീക്കം ചെയ്യാൻ നോട്ടീസ് നൽകും.

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ അത് നീക്കം ചെയ്യേണ്ടി വന്നാൽ ഇതിനായുള്ള ചെലവ് ബന്ധപ്പെട്ട സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് ചെലവിനോട് ചേർക്കും. മാതൃകാ പെരുമാറ്റച്ചട്ടപ്രകാരം ഇക്കാര്യത്തിൽ നടപടി സ്വീകരിക്കുകയും ചെയ്യും. ഇക്കാര്യങ്ങൾ രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥികളും ശ്രദ്ധിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.