ആലപ്പുഴ: കോവിഡ് 19 പ്രതിരോധ വാക്സിന്‍ ജില്ലയിലെത്തി. തിരുവനന്തപുരത്തു നിന്ന് ആലപ്പുഴ ജനറൽ ആശുപത്രിക്ക് സമീപമുള്ള കേന്ദ്രത്തിൽ എത്തിച്ച വാക്‌സിൻ ജില്ലാ കളക്ടർ എ അലക്സാണ്ടർ, ഡി എം ഒ ഡോ. എൽ അനിതകുമാരി എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. കോവി ഷീൽഡ് എന്ന വാക്‌സിന്റെ 22460 ഡോസാണ് ‌ ജില്ലയിൽ എത്തിച്ചത്.

ജനുവരി 16 മുതല്‍ ആദ്യഘട്ടം രജിസ്ട്രേഷന്‍ പൂര്‍ത്തിയായവര്‍ക്ക് വാക്സിൻ നൽകും. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രി, ജനറല്‍ ആശുപത്രി, ജില്ലാ ആശുപത്രി ചെങ്ങന്നൂര്‍, ജില്ലാ ആശുപത്രി മാവേലിക്കര, കായംകുളം താലൂക്ക് ആശുപത്രി, ആര്‍.എച്ച്.റ്റി.സി. ചെട്ടികാട്, പുറക്കാട് പ്രാഥമികാരോഗ്യകേന്ദ്രം, സാമൂഹികാരോഗ്യകേന്ദ്രം ചെമ്പുംപുറം, സേക്രട്ട് ഹാര്‍ട്ട് ആശുപത്രി ചേര്‍ത്തല എന്നിവിടങ്ങളാണ് വാക്സിനേഷന്‍ കേന്ദ്രങ്ങള്‍. ഈ ഒമ്പതു കേന്ദ്രങ്ങളിലും വാക്സിൻ വിതരണത്തിനുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയിട്ടുണ്ട്. രാവിലെ 9 മുതൽ വൈകിട്ട് 5 വരെയാണ് വാക്സിൻ വിതരണം. വിതരണത്തിനായി എത്തിച്ചിട്ടുള്ള പ്രതിരോധ വാക്സിൻ നാളെ എല്ലാ കേന്ദ്രങ്ങളിലും പൂർണമായും എത്തിക്കും.