കാസര്‍ഗോഡ്:   ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍പേഴ്സന്‍മാരെ വ്യാഴാഴ്ച രാവിലെ 11 മണിക്ക് ഐകകണ്ഠ്യേന തെരഞ്ഞെടുത്തു. വികസനകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സനായി ഗീത കൃഷ്ണന്‍, പൊതുമരാമത്ത് സ്ഥിരം സമിതി ചെയര്‍പേഴ്സനായി കെ. ശകുന്തള എന്നിവരെ തെരഞ്ഞെടുത്തു.

രണ്ട് സ്ഥാനങ്ങളും വനിതകള്‍ക്കായി സംവരണം ചെയ്യപ്പെട്ടതാണ്. ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്സനായി അഡ്വ. സരിത എസ്.എന്‍, ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സനായി ഷിനോജ് ചാക്കോ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂരാണ് ധനകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സന്‍. തെരഞ്ഞെടുപ്പിന് ശേഷം സ്ഥിരം സമിതി ചെയര്‍പേഴ്സന്‍മാര്‍ ഓഫീസുകളിലെത്തി ചുമതലയേറ്റു. എ.ഡി.എം എന്‍. ദേവീദാസ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.