ഇടുക്കി:കോവിഡ് വാക്സിന്‍ വിതരണത്തിന്റെ ഇടുക്കി ജില്ലാതല ഉദ്ഘാടനം ഡീന്‍ കുര്യാക്കോസ് എം പി തൊടുപുഴ ജില്ലാ ആശുപത്രിയില്‍ നാളെ(16) 10.30ന് നിര്‍വഹിക്കും. പിജെ ജോസഫ് എംഎല്‍ എ യോഗത്തിന് അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എന്‍ പ്രിയ, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ജില്ലയിലെ ബാക്കി 8 വിതരണ കേന്ദ്രങ്ങളിലും 10.30 ന് അതത് പ്രദേശത്തെ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ പരിപാടി സംഘടിപ്പിക്കും.

ഇടുക്കി ജില്ലാ ആശുപത്രി (മെഡിക്കല്‍ കോളേജ്), തൊടുപുഴ ജില്ലാ ആശുപത്രി, കട്ടപ്പന താലൂക്ക് ആശുപത്രി, ചിത്തിരപുരം സിഎച്ച്സി, രാജാക്കാട് സിഎച്ച് സി, നെടുംങ്കണ്ടം താലൂക്ക് ആശുപത്രി, പീരുമേട് താലൂക്ക് ആശുപത്രി, ഹോളി ഫാമിലി ആശുപത്രി മുതലക്കോടം, സെന്റ് ജോണ്‍സ് കട്ടപ്പന എന്നിങ്ങനെയാണ് വിതരണ കേന്ദ്രങ്ങള്‍.

അകത്തേക്കും പുറത്തേക്കും പ്രത്യേകം പ്രവേശന കവാടങ്ങളുള്ള വായു സഞ്ചാരമുള്ള മുറിയാണ് വാക്സിന്‍ നല്‍കാനായി തയാറാക്കിരിയിക്കുന്നത്. വെയ്റ്റിംഗ് ഏരിയ, വാക്സിനേഷന്‍ മുറി, നിരീക്ഷണ മുറി എന്നിങ്ങനെ മൂന്ന് തരത്തിലുള്ള മുറികളാണ് ക്രമീകരിച്ചിരിക്കുന്നത്. വാക്‌സിനേഷന്‍ എടുക്കാന്‍ രജിസ്റ്റര്‍ ചെയ്ത മെസ്സേജ് ലഭിച്ചവരെ സ്‌ക്രീനിങ്ങും സാനിറ്റൈസേഷനും നടത്തിയതിനു ശേഷം വെയിറ്റിംഗ് ഏരിയയിലേക്ക് വിടും. വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ എത്തുന്ന ആളുടെ ശരീര താപനില ആദ്യം പരിശോധിക്കും. തുടര്‍ന്ന് സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ അണുവിമുക്തമാക്കിയതിന് ശേഷം ഒന്നാം വാക്‌സിനേഷന്‍ ഓഫീസറുടെ മുന്നില്‍ തിരിച്ചറിയല്‍ രേഖയുമായി എത്തണം. തിരിച്ചറിയല്‍ രേഖ പരിശോധിച്ച് ഉറപ്പാക്കിയ ശേഷം രണ്ടാം വാക്‌സിനേഷന്‍ ഓഫീസറുടെ സമീപത്തേക്ക് കടത്തിവിടും. രണ്ടാം വാക്‌സിനേഷന്‍ ഓഫീസര്‍ വാക്‌സിനേഷന്‍ സ്വീകരിക്കാനായി എത്തിയ ആളുടെ വിവരങ്ങള്‍ പോര്‍ട്ടലിലെ വിവരങ്ങളുമായി ഒത്തുനോക്കും.

മൂന്നാം വാക്‌സിനേഷന്‍ ഓഫീസര്‍ പ്രതിരോധ കുത്തിവെപ്പ് സ്വീകരിക്കാന്‍ എത്തിയ ആള്‍ക്ക് വാക്‌സിനേഷനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ നല്‍കി പ്രതിരോധ കുത്തിവെപ്പ് മുറിയിലേക്ക് കടത്തിവിടും. പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ച ആളുടെ വിവരങ്ങള്‍ പോര്‍ട്ടലില്‍ രേഖപ്പെടുത്തും. കുത്തിവയ്പ്പ് നല്‍കിയ ശേഷം കുത്തിവയ്പ്പ് സ്വീകരിച്ച വ്യക്തിയെ നിരീക്ഷണ മുറിയിലേക്ക് മാറ്റും. കുത്തിവെയ്പ്പ് സ്വീകരിച്ച വ്യക്തിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടോ എന്നറിയാന്‍ അരമണിക്കൂര്‍ നിരീക്ഷണത്തില്‍ വയ്ക്കും. വാക്‌സിന്‍ സ്വീകരിച്ച ശേഷം ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ ഉടന്‍ ചികിത്സ ലഭ്യമാകുന്നതിനായി ആംബുലന്‍സ് അടക്കമുള്ള സൗകര്യങ്ങളും വാക്സിനേഷന്‍ സൈറ്റില്‍ സജ്ജീകരിക്കും. ആരോഗ്യ പ്രശ്‌നങ്ങളില്ലെങ്കില്‍ വീട്ടിലേക്ക് തിരികെ അയക്കുകയും, കോവിഡ് പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ തുടര്‍ന്നും പാലിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്യും. വാക്സിന്റെ ആദ്യ ഡോസ് നല്കിയതിന് ശേഷം 4 മുതല്‍ 6 ആഴ്ചകള്‍ക്കുള്ളിലാണ് രണ്ടാമത്തെ വാക്‌സിന്‍ എടുത്തിരിക്കേണ്ടത്.

വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ക്ക് പാര്‍ശ്വഫലങ്ങളുണ്ടായാല്‍ അടിയന്തര ചികിത്സ നല്‍കുന്നതിനുള്ള സംവിധാനവും കേന്ദ്രങ്ങളിലുണ്ടാകും.