സാമൂഹ്യ സംഘടനാ നേതാക്കളുമായി മുഖ്യമന്ത്രി സംവദിച്ചു


തീരശോഷണം നേരിടുന്നതിന് കിഫ്ബി ഫണ്ട് ഉപയോഗിച്ച് പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലിൽ വിവിധ സാമൂഹ്യ സംഘടനാ നേതാക്കളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.

തീരശോഷണം പരിഹരിക്കുന്നതിന് വലിയ ഒരു പദ്ധതി നടപ്പാക്കാൻ ലോകബാങ്കുമായി സർക്കാർ ചർച്ച നടത്തിയിട്ടുണ്ട്. എന്നാൽ ഇതിൽ അന്തിമ തീരുമാനത്തിന് കാത്തിരിക്കാതെ തന്നെ കിഫ്ബി മുഖേന പദ്ധതി ആരംഭിക്കാൻ ഉദ്ദേശിക്കുകയാണ്. തീരശോഷണം എന്നാൽ രാജ്യ അതിർത്തിയുടെ ശോഷണമാണ്. ഇക്കാര്യം കേന്ദ്രത്തിന്റെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. തീരശോഷണം പരിഹരിക്കുന്നതിന് കേന്ദ്രത്തിന്റേയും സഹായം അനിവാര്യമാണ്. അതേസമയം, കേരളത്തിന് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ വേഗത്തിൽ നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഒരു വിഭാഗത്തിന്റേയും നിലവിലെ സംവരണ തോതിൽ കുറവ്  വരരുതെന്ന ശക്തമായ നിലപാടാണ് സർക്കാരിനുള്ളത്. എന്നാൽ ഇതിന്റെ പേരിൽ ആശങ്ക പടർത്താനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ വിഷയത്തിൽ സംവരണവുമായി ബന്ധപ്പെട്ട് പിന്നാക്ക വിഭാഗ കമ്മിഷൻ പഠനം നടത്തുന്നുണ്ട്. കമ്മിഷന്റെ റിപ്പോർട്ട് ലഭിച്ച ശേഷം സർക്കാർ അന്തിമ തീരുമാനം എടുക്കും. ആദിവാസികളുടെയും മത്‌സ്യത്തൊഴിലാളികളുടെയും പ്രശ്‌നം പരിഹരിക്കാൻ സർക്കാർ വലിയ പ്രാധാന്യം നൽകുന്നുണ്ട്. അറബി ഭാഷ ഉൾപ്പെടെ എല്ലാ ഭാഷകളെയും പ്രോത്‌സാഹിപ്പിക്കുന്ന നിലപാടാണ് സർക്കാരിനുള്ളത്. പ്രാദേശികമായ തയ്യാറെടുപ്പ് ദുരന്തങ്ങൾ നേരിടുന്നതിൽ പ്രധാനമാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഇതുമായി ബന്ധപ്പെട്ട പരിപാടികൾ ആസൂത്രണം ചെയ്യുന്നുണ്ട്. സാമൂഹ്യ സന്നദ്ധ സേനയ്ക്ക് കേരളത്തിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്. കുറച്ചു ദിവസത്തിനുള്ളിൽ ഒരു ലക്ഷം വോളണ്ടിയർമാർ പരിശീലനം പൂർത്തിയാക്കും. ചില സാമൂഹ്യ വിഭാഗങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾ പ്രത്യേകമായി പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നാടിന്റെ പൊതുവായ അന്തരീക്ഷം അതേരീതിയിൽ നിലനിർത്തുക പ്രധാനമാണ്. നവോത്ഥാന മൂല്യങ്ങൾ തകർക്കാൻ ഒരു വിഭാഗം ശ്രമിക്കുന്നുണ്ട്. നവോത്ഥാന മൂല്യ സംരക്ഷണ സമിതി മികച്ച ഇടപെടൽ നടത്തിയിട്ടുണ്ട്. കൂടുതൽ ജാഗ്രതയോടെ ഇടപെടേണ്ട ഘട്ടമാണിത്. നവോത്ഥാന മൂല്യ സംരക്ഷണ സമിതി പ്രവർത്തന പരിപാടി തയ്യാറാക്കണം. സമിതിയുടെ നേതൃത്വത്തിൽ ജില്ലാ കൺവെൻഷനുകൾ വിപുലമായി സംഘടിപ്പിക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. സംസ്ഥാനം കഴിഞ്ഞ നാലര വർഷത്തിനിടെ വിവിധ മേഖലയിൽ കൈവരിച്ച നേട്ടങ്ങൾ മുഖ്യമന്ത്രി യോഗത്തിൽ വിശദീകരിച്ചു.

നവോത്ഥാന മൂല്യ സംരക്ഷണ സമിതി ഓർഗനൈസിംഗ് സെക്രട്ടറി പി. രാമഭദ്രൻ സ്വാഗതം പറഞ്ഞു. ഓർത്തഡോക്‌സ് സഭാ ആർച്ച് ബിഷപ്പ് ഗബ്രിയേൽ മാർ ഗ്രിഗോറിയസ്, കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി, സമിതി വൈസ് പ്രസിഡന്റ് അഡ്വ. സി. കെ. വിദ്യാസാഗർ, തിരുവനന്തപുരം അതിരൂപത വികാരി ജനറൽ ഫാദർ യൂജിൻ എച്ച്. പെരേര, സമിതി സെക്രട്ടറി അഡ്വ. വി. ആർ. ദേവദാസ്, എസ്. എൻ. ഡി. പി യോഗം പ്രതിനിധി ആലുവിള അജിത്ത്, ഐക്യ മലയരയ മഹാസഭയുടെ പി. കെ. സജീവ്, വീരശൈവ സഭ പ്രതിനിധി ടി. പി. കുഞ്ഞുമോൻ, എഴുത്തച്ഛൻ സമാജം പ്രതിനിധി പ്രൊഫ. വിജയകുമാർ, മാവിലൻ വിഭാഗം പ്രതിനിധി ഗോപി മുതിരക്കര, എ. കെ. സി. എച്ച്. എം. എസ് പ്രതിനിധി അഡ്വ. രാജു, ചേരമർ സംഘം പ്രതിനിധി നെയ്യാറ്റിൻകര സത്യശീലൻ, സാംബവ മഹാസഭ പ്രതിനിധി രാമചന്ദ്രൻ മുല്ലശേരി എന്നിവർ സംസാരിച്ചു. യോഗത്തിൽ പങ്കെടുത്ത മറ്റുള്ളവർ അഭിപ്രായങ്ങൾ മുഖ്യമന്ത്രിക്ക് എഴുതി നൽകി.