അപേക്ഷകൾ ജനുവരി 27 മുതൽ അക്ഷയ സെന്ററുകളിലൂടെ നൽകാം
തിരുവനന്തപുരം:  പൊതുജനങ്ങളുടെ പരാതികളും ആവലാതികളും ഉടനടി പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന സാന്ത്വന സ്പർശം പരാതി പരിഹാര അദാലത്ത് ഫെബ്രുവരി എട്ട്, ഒമ്പത്, 11 തീയതികളിൽ തിരുവനന്തപുരം ജില്ലയിൽ നടക്കും. നാളുകളായി തീർപ്പാകാതെ കിടക്കുന്ന പരാതികൾ, തർക്കങ്ങൾ, പലതരം നൂലാമാലകളിൽപ്പെട്ടു തീരുമാനമാകാതെ കിടക്കുന്ന പ്രശ്നങ്ങൾ, ജനങ്ങളുടെ വിവിധങ്ങളായ അപേക്ഷകൾ തുടങ്ങിയവയ്ക്ക് അടിയന്തരമായി പരിഹാരം കാണുക എന്ന ഉദ്ദേശ്യത്തിലാണ് സാന്ത്വന സ്പർശം പരാതി പരിഹാര അദാലത്ത് സംഘടിപ്പിക്കുന്നതെന്ന് സഹകരണം – ടൂറിസം – ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഫെബ്രുവരി എട്ടിന് കാട്ടാക്കട, നെയ്യാറ്റിൻകര താലൂക്കുകളിലെ പരാതികൾ പരിഗണിക്കാൻ നെയ്യാറ്റിൻകര ഹയർ സെക്കൻഡറി സ്‌കൂളിൽ അദാലത്ത് നടക്കും. രാവിലെ ഒമ്പതു  മുതൽ 12.30 വരെ കാട്ടാക്കട താലൂക്കിലേയും രണ്ടു മണി മുതൽ 5.30 വരെ നെയ്യാറ്റിൻകര താലൂക്കിലേയും പരാതികൾ  പരിശോധിക്കും. ഒമ്പതിനു വർക്കല, ചിറയിൻകീഴ് താലൂക്കുകളിലെ പരാതികൾ പരിശോധിക്കും. ആറ്റിങ്ങൽ ഹയർ സെക്കൻഡറി സ്‌കൂളാണ് വേദി.
രാവിലെ ഒമ്പതു മുതൽ 12.30 വരെ വർക്കല താലൂക്കിലേയും രണ്ടു മുതൽ 5.30 വരെ ചിറയിൻകീഴ് താലൂക്കിലേയും പരാതികളാകും പരിഗണിക്കുക. അദാലത്തിന്റെ അവസാന ദിനമായ ഫെബ്രുവരി 11ന് തിരുവനന്തപുരം, നെടുമങ്ങാട് താലൂക്കുകളിലെ  പരാതികളാകും പരിശോധിക്കുക. എസ്.എം.വി. സ്‌കൂളാണു വേദി. രാവിലെ ഒമ്പതു മുതൽ 12.30 വരെ നെടുമങ്ങാട് താലൂക്കിന്റെയും രണ്ടു മുതൽ 5.30വരെ തിരുവനന്തപുരം താലൂക്കിന്റെയും പരാതികൾ കേൾക്കും. സഹകരണം – ടൂറിസം –  ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്, ഫിഷറീസ് മന്ത്രി ജെ. മേഴ്സുക്കുട്ടിയമ്മ എന്നിവരാണു പരാതികൾ പരിശോധിച്ചു പരിഹാരം നിർദേശിക്കുന്നത്.
പരാതികൾ 27 മുതൽ സ്വീകരിക്കും
സാന്ത്വന സ്പർശം അദാലത്തിലേക്കുള്ള ജില്ലയിലെ പരാതികൾ ജനുവരി 27 ബുധനാഴ്ച മുതൽ സ്വീകരിച്ചു തുടങ്ങും. അക്ഷയ കേന്ദ്രങ്ങൾ മുഖേന ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. ജില്ലയിലെ താലൂക്ക്, വില്ലേജ് ഓഫിസുകളിലും പഞ്ചായത്ത് ഓഫിസുകളിലും നേരിട്ടു പരാതികൾ നൽകുകയും ചെയ്യാം. പരാതി നൽകുന്ന എല്ലാവരുടേയും മൊബൈൽ നമ്പറുകൾ നിർബന്ധമായും ഉൾപ്പെടുത്തണം. ഈ നമ്പറുകളിലേക്കു ലഭിക്കുന്ന ഡോക്കറ്റ് നമ്പർ ഉപയോഗിച്ചാകും തുടർന്നുള്ള നടപടിക്രമങ്ങൾ.
ഫെബ്രുവരി രണ്ടിനു മുൻപ് പരാതികൾ നൽകണം. ഓൺലൈനിലൂടെയല്ലാതെ ഓഫിസുകളിൽ നേരിട്ടു നൽകുന്ന പരാതികൾ താലൂക്ക്തലത്തിൽ ഓൺലൈനായി അപ് ലോഡ് ചെയ്യാൻ സംവിധാനമൊരുക്കിയിട്ടുണ്ട്. ലഭിക്കുന്ന പരാതികളെല്ലാം ജില്ലാ തലത്തിൽ പരിഹരിക്കേണ്ടവയെന്നും, സംസ്ഥാന തലത്തിൽ പരിഹിക്കേണ്ടവയെന്നും രണ്ടായി തിരിച്ചാകും അടിയന്തര പരിഹാരം നിർദേശിക്കുന്നത്. അദാലത്ത് നടക്കുന്ന കേന്ദ്രങ്ങളിൽ നേരിട്ടു പരാതി നൽകാനും അവസരമുണ്ടാകും. ഇങ്ങനെയുള്ളവ  ഓൺലൈനായി രജിസ്റ്റർ ചെയ്യിപ്പിച്ച് ഏഴു ദിവസത്തിനകം തീരുമാനമെടുക്കും. സാന്ത്വന സ്പർശത്തിലേക്കുള്ള അപേക്ഷകൾക്കൊന്നും അക്ഷയ കേന്ദ്രങ്ങളിലോ മറ്റെവിടെയെങ്കിലുമോ ഫീസ് നൽകേണ്ടതില്ല. അതു സർക്കാർ അക്ഷയ കേന്ദ്രങ്ങൾക്കു നൽകുമെന്നും മന്ത്രി അറിയിച്ചു.
തരംതിരിക്കാൻ പ്രത്യേക ഉദ്യോഗസ്ഥ സംഘം
അദാലത്തിൽ ലഭിക്കുന്ന പരാതികൾ തരംതിരിക്കാൻ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ അഞ്ച് അംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. റവന്യൂ ഉദ്യോഗസ്ഥർക്കു പുറമേ ജില്ലാ സപ്ലൈ ഓഫിസർ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ, സാമൂഹ്യനീതി ഓഫിസർ, പ്രിൻസിപ്പൽ കൃഷി ഓഫിസർ എന്നിവരാണു സംഘത്തിലുണ്ടാകുക. പരാതി നൽകുന്നവർക്കു തിരികെ നൽകുന്ന മറുപടികൾ വ്യക്തമായിരിക്കണമെന്നു കർശന നിർദേശം നൽകിയിട്ടുണ്ട്. പരാതിയുടെ വിഷയം, അത് പരിഹരിച്ചോ?, പരിഹരിക്കാൻ  കഴിഞ്ഞില്ലെങ്കിൽ എത്ര സമയത്തിനുള്ളിൽ പരിഹാരമുണ്ടാകും, അപേക്ഷകന് ഇക്കാര്യത്തിൽ വ്യക്തിപരമായി പിന്തുടരാവുന്ന ഉദ്യോഗസ്ഥന്റെ പദവിയും വിശദാംശങ്ങളും എന്നിവ നൽകും. ഏതെങ്കിലുംകാരണത്താൽ അപേക്ഷ പ്രോസസ് ചെയ്യാൻ  കഴിയുന്നില്ലെങ്കിൽ അക്കാര്യവും മറുപടിയിൽ വ്യക്തമാക്കും. സാന്ത്വന സ്പർശത്തിൽ ലഭിക്കുന്ന സി.എം.ഡി.ആർ.എഫ് പരാതികളും അടിയന്തരമായി പ്രോസസ് ചെയ്യാനുള്ള നിർദേശം നൽകിയിട്ടുണ്ട്.
കർശന കോവിഡ് നിയന്ത്രണങ്ങൾ
കർശന കോവിഡ്  നിയന്ത്രണങ്ങൾ പാലിച്ചാണ് അദാലത്ത് സംഘടിപ്പിക്കുന്നത്. യാതൊരു തരത്തിലും തിരക്കോ മറ്റോ ഉണ്ടാകാതിരിക്കാനുള്ള എല്ലാ ക്രമീകരണങ്ങളും ഉറപ്പാക്കും. കിടപ്പു രോഗികൾ, പാലിയേറ്റിവ് പരിചരണം ആവശ്യമുള്ളവർ തുടങ്ങിയവർ അദാലത്തിൽ നേരിട്ടെത്തേണ്ടെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി. പകരം ആവശ്യമായ രേഖകളുമായി ഇവരുടെ പ്രതിനിധികൾ എത്തിയാൽ മതി. അദാലത്ത് നടക്കുന്ന കേന്ദ്രങ്ങളിലേക്ക് കുട്ടികളെ കൊണ്ടുവരുന്നത് കഴിയുന്നതും ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു. അദാലത്തിനെത്തുന്നവർക്ക്  കുടിവെള്ളം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കുടുംബശ്രീയുടെ പ്രത്യേക ഫുഡ് കോർട്ടുകളും പ്രവർത്തിക്കും. പൊലീസിനു  പുറമേ കോവിഡ് പ്രോട്ടോക്കോൾ ഉറപ്പാക്കാൻ സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകളുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്.