തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ തിരുവനന്തപുരം ജില്ലയിലെ വിവിധ വികസന പ്രവർത്തനങ്ങളുടെ സമഗ്ര ചിത്രങ്ങളും ദൃശ്യങ്ങളും ഉൾപ്പെടുത്തി ഇൻഫർമേഷൻ – പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിക്കുന്ന വികസന ഫോട്ടോ എക്‌സിബിഷന് ഇന്നു( ജനുവരി 27) തുടക്കം. മ്യൂസിയം റേഡിയോ പാർക്കിൽ വൈകിട്ട് അഞ്ചിന് ആരോഗ്യ മന്ത്രി  കെ.കെ. ശൈലജ ടീച്ചർ എക്സിബിഷൻ ഉദ്ഘാടനം ചെയ്യും. മ്യൂസിയത്തിനു പുറമേ വരും ആഴ്ചകളിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി സംഘടിപ്പിക്കുന്ന എക്‌സിബിഷനിൽ വൈവിധ്യമാർന്ന നാടൻ കലാരൂപങ്ങളുടെ അവതരണവും ഒരുക്കിയിട്ടുണ്ട്.
മ്യൂസിയത്തിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ സഹകരണം – ടൂറിസം – ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിക്കും.  വി.കെ. പ്രശാന്ത് എം.എൽ.എ, മേയർ ആര്യ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ തുടങ്ങിയവർ പങ്കെടുക്കും.
27 മുതൽ 30 വരെയാണ് മ്യൂസിയത്തിലെ എക്‌സിബിഷൻ. ദിവസവും വൈകിട്ട് ആറു മുതൽ എട്ടു വരെ വിവിധ കലാപരിപാടികളുമുണ്ടാകും.  സംസ്ഥാന സർക്കാർ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ കൈവരിച്ച പ്രധാന വികസന നേട്ടങ്ങളുടെ ദൃശ്യാവിഷ്‌ക്കാരം വലിയ എൽ.ഇ.ഡി. സ്‌ക്രീനിൽ പ്രദർശിപ്പിക്കുകയും ചെയ്യും. മന്ത്രിമാർ, എം.എൽ.എമാർ, സാംസ്‌കാരിക പ്രവർത്തകർ തുടങ്ങിയവർ വിശിഷ്ടാതിഥികളായി ഓരോ ദിവസവും എത്തും.
ഫെബ്രുവരി മൂന്നു മുതൽ അഞ്ചു വരെ വർക്കല മുനിസിപ്പൽ പാർക്കിൽ നടക്കുന്ന എക്‌സിബിഷൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. വി. ജോയ് എം.എൽ.എ.അധ്യക്ഷത വഹിക്കും. മുൻസിപ്പൽ ചെയർമാൻ കെ.എം.ലാജി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സ്മിതാ സുന്ദരേശൻ തുടങ്ങി വിവിധ ജനപ്രതിനിധികളും സാംസ്ക്കാരിക പ്രവർത്തകരും പങ്കെടുക്കും . ദിവസവും വൈകിട്ട് നാടൻ കലാ പരിപാടികളുടെ അവതരണവുമുണ്ടാകും.
പൊതുജനങ്ങളിൽനിന്നുള്ള പരാതി പരിഹാരത്തിനായി സർക്കാർ സംഘടിപ്പിക്കുന്ന സാന്ത്വന സ്പർശം അദാലത്തിന്റെ ഭാഗമായും എക്‌സിബിഷൻ ഒരുക്കിയിട്ടുണ്ട്. ഫെബ്രുവരി എട്ട്, ഒമ്പത്, 11 തീയതികളിൽ യഥാക്രമം നെയ്യാറ്റിൻകര ബോയ്സ് എച്ച്.എസ്.എസ്, ആറ്റിങ്ങൽ എച്ച്.എസ്.എസ്., തിരുവനന്തപുരം എസ്.എം.വി. സ്കൂൾ എന്നിവിടങ്ങളിലാണ് സാന്ത്വന സ്പർശം അദാലത്തുകൾ നടക്കുന്നത്.
എക്‌സിബിഷൻ നടക്കുന്ന എല്ലാ കേന്ദ്രങ്ങളിലും രാവിലെ ഒമ്പതു മുതൽ രാത്രി എട്ടു വരെയായിരിക്കും പ്രദർശനം. സന്ദർശകർക്ക് പ്രവേശനം സൗജന്യമാണ്. കർശന കോവിഡ് പ്രോട്ടോക്കോളോടെയാണ് എക്‌സിബിഷനും അനുബന്ധ പരിപാടികളും സംഘടിപ്പിക്കുന്നത്.