തിരുവനന്തപുരം: ഹരിതകേരള മിഷനും ശുചിത്വ മിഷനും സംയുക്തമായി നടത്തുന്ന ഹരിത ഓഡിറ്റിന്റെ സാക്ഷ്യപത്ര വിതരണത്തിന് ജില്ലയില്‍ തുടക്കം. സംസ്ഥാന പൊലീസ് ആസ്ഥാനം, ഹരിത കേരളം മിഷന്‍ സംസ്ഥാന ഓഫിസ്, പൂജപ്പുര സെന്‍ട്രല്‍ ജയില്‍, പഞ്ചായത്ത് ഡയറക്ടറേറ്റ് തുടങ്ങിയ ഓഫിസുകള്‍ നൂറില്‍ നൂറ് മാര്‍ക്ക് നേടി എ ഗ്രേഡിന് അര്‍ഹരായി. സംസ്ഥാന പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ.നവ്ജ്യോത് ഖോസ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റയ്ക്ക് സാക്ഷ്യപത്രം കൈമാറിക്കൊണ്ട് ജില്ലയിലെ സാക്ഷ്യപത്ര വിതരണത്തിന് തുടക്കമിട്ടു. ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളും ഹരിത ഓഫിസുകളാക്കി മാറ്റുന്നതിനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ചടങ്ങില്‍ ലോക്‌നാഥ് ബെഹ്റ പറഞ്ഞു. എ.ഡി.ജി.പി മനോജ് എബ്രഹാം, ഡി.ഐ.ജി (അഡ്മിന്‍) സുരേന്ദ്രന്‍, ഡി.ഐ.ജി (ഹെഡ്ക്വാര്‍ട്ടേഴ്സ്) ശ്യാം സുന്ദര്‍ തുടങ്ങുയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നടന്ന ചടങ്ങില്‍ ഹരിത കേരളം മിഷന്‍ സംസ്ഥാന വൈസ് ചെയര്‍പേഴ്‌സണ്‍ ടി.എന്‍. സീമ ജയില്‍ സൂപ്രണ്ട് നിര്‍മലാനന്ദന്‍ നായര്‍ക്ക് സാക്ഷ്യപത്രം കൈമാറി. ചടങ്ങിന്റെ ഭാഗമായി ജയില്‍വളപ്പില്‍ വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചു. പഞ്ചായത്ത് ഡയറക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് ഡയറക്ടര്‍ ഡോ.കെ.പി. ജയശ്രീ ടി.എന്‍. സീമയില്‍ നിന്നും സാക്ഷ്യപത്രം ഏറ്റുവാങ്ങി. അഡിഷണല്‍ ഡയറക്ടര്‍ എം.പി. അജിത്ത്കുമാര്‍, ജോയിന്റ് ഡയറക്ടര്‍ ജ്യോത്സന തുടങ്ങിയവര്‍ പങ്കെടുത്തു. ഹരിത കേരളം മിഷന്‍ സംസ്ഥാന ഓഫീസിനു ലഭിച്ച സാക്ഷ്യപത്രം ശുചിത്വ മിഷന്‍ ഡയറക്ടര്‍ പി.ഡി. ഫിലിപ്പില്‍ നിന്നും ടി.എന്‍. സീമ ഏറ്റുവാങ്ങി.
ജില്ലയിലെ 1,661 സര്‍ക്കാര്‍ ഓഫീസുകളില്‍ നടത്തിയ പരിശോധനയില്‍ 1,308 എണ്ണവും ഗ്രേഡിന് അര്‍ഹരായിട്ടുണ്ട്. ഹരിത ഓഫിസുകളുടെ രണ്ടാം ഘട്ട പരിശോധന ഫെബ്രുവരി ആദ്യവാരം ആരംഭിക്കുമെന്ന് ഹരിതകേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡി. ഹുമയൂണ്‍ അറിയിച്ചു.