പാലക്കാട്‌: ആലത്തൂര് നിയോജകമണ്ഡലത്തില് കെ.ഡി പ്രസേനന് എം.എല്.എ.യുടെ നേതൃത്വത്തില് നടപ്പാക്കുന്ന ‘നിറ’ പദ്ധതിയുടെ ആഭിമുഖ്യത്തില് കര്ഷക പങ്കാളിത്ത വിതരണത്തിനായി വാട്ടര് യൂസേഴ്‌സ് അസോസിയേഷന് സര്ട്ടിഫിക്കറ്റ് വിതരണോദ്ഘാടനം നാളെ (ഫെബ്രുവരി അഞ്ച്) രാവിലെ 10 ന് ജലവിഭവ മന്ത്രി കെ. കൃഷ്ണന്കുട്ടി നിര്വഹിക്കും. എരിമയൂര് ഗ്രാമപഞ്ചായത്ത് ഹാളില് നടക്കുന്ന പരിപാടിയില് കെ.ഡി പ്രസേനന് എം.എല്.എ അധ്യക്ഷനാവും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ ചാമുണ്ണി, ആലത്തൂര് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ബാബു എന്നിവര് മുഖ്യാതിഥികളായി പങ്കെടുക്കും.
സംസ്ഥാനത്ത് ഇതാദ്യമായാണ് ജലസേചന പദ്ധതികള്ക്ക് കീഴിലുള്ള ജലവിതരണം കാര്യക്ഷമമാക്കുന്നതിനായി കര്ഷക പങ്കാളിത്തത്തോടെ വാട്ടര് അസോസിയേഷനുകള് രൂപീകരിച്ചിരിക്കുന്നത്. മലമ്പുഴ, ചേരാമംഗലം, മംഗലംഡാം, പോത്തുണ്ടി, ചിറ്റൂര്പ്പുഴ ജലസേചന പദ്ധതികള്ക്ക് കീഴിലാണ് ആലത്തൂര് നിയോജകമണ്ഡലത്തിലെ അസോസിയേഷനുകള്. 2003 ലെ കേരള ഇറിഗേഷന് ആന്ഡ് വാട്ടര് കണ്സര്വേഷന് ആക്ട്, 2005 ലെ നിയമങ്ങള് പ്രകാരം രൂപീകരിച്ചിരിക്കുന്ന അസോസിയേഷന് 40 ഹെക്ടര് പരിധിയില് വരുന്ന ഗുണഭോക്താക്കളെയാണ് ഉള്പ്പെടുത്തിയിരിക്കുന്നത്. ഇത്തരത്തില് ആലത്തൂര് നിയോജകമണ്ഡലത്തില് ഏഴു പഞ്ചായത്തുകളിലായി 142 വാട്ടര് യൂസേഴ്‌സ് അസോസിയേഷന് നിലവില് രജിസ്റ്റര് ചെയ്തിട്ടുണ്ട്. ഒരു ജലസേചന പദ്ധതിയിലെ കനാലിലെ ഒന്നോ അതില് കൂടുതലോ സ്ലൂയിസുകളുടെ ഗുണഭോക്താക്കള് അടങ്ങുന്നതാണ് അസോസിയേഷന്. ഇത്തരത്തില് രൂപീകൃതമായ അസോസിയേഷനുകള്ക്ക് 11 അംഗ ഭരണസമിതി ഉണ്ടായിരിക്കും. വാട്ടര് യൂസേഴ്‌സിന്റെ പൊതുയോഗങ്ങളില് ബന്ധപ്പെട്ട ജലസേചന വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയറും കൃഷി ഓഫീസറും പങ്കെടുക്കുകയും ആവശ്യമായ മാര്ഗനിര്ദ്ദേശങ്ങള് നല്കുകയും ചെയ്യും.
എരിമയൂര് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. പ്രേമകുമാര്, ആലത്തൂര്, കുഴല്മന്ദം, തേങ്കുറിശ്ശി, വണ്ടാഴി, കിഴക്കഞ്ചേരി, മേലാര്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എ. ഷൈനി, മിനി നാരായണന്, വി.ആര് ഭാര്ഗവന്, കെ.എല് രമേഷ്, കവിതാ മാധവന്, ടി വത്സല, ബ്ലോക്ക് പഞ്ചായത്ത് മെമ്പര് സി. രാമകൃഷ്ണന്, എരിമയൂര് ഗ്രാമപഞ്ചായത്ത് മെമ്പര് കെ.അന്ഷിഫ്, പാലക്കാട് പ്രിന്സിപ്പല് കൃഷി ഓഫീസര് പ്രസാദ് മാത്യൂ, ആലത്തൂര് കൃഷി അസിസ്റ്റന്റ് ഡയറക്ടര് ലാലിമ്മ ജോര്ജ്ജ്, മലമ്പുഴ ജലസേചന പദ്ധതി എക്‌സിക്യൂട്ടീവ് എഞ്ചിനീയര് ഡി അനില്കുമാര് എന്നിവര് പങ്കെടുക്കും.