പീരുമേട് ഗ്രാമപഞ്ചായത്തിലെ മാലിന്യസംസ്‌കരണത്തിന് ഇനി തുമ്പൂര്‍മുഴി മോഡല്‍. 2018-19 വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഗ്രാമപഞ്ചായത്ത് തുമ്പൂര്‍മുഴി മോഡല്‍ മാലിന്യ സംസ്‌കരണ പ്ലാന്റ് നിര്‍മ്മിക്കുന്നത്. പഞ്ചായത്തിലെ നാലു സ്ഥലങ്ങളില്‍ ഇത്തരം മോഡല്‍ നിര്‍മ്മിക്കുവാനായി 20 ലക്ഷം രുപയാണ് ഗ്രാമപഞ്ചായത്ത് ചെലവഴിക്കുന്നത്. ആദ്യഘട്ടമായി 14-ാം വാര്‍ഡ് തോട്ടാപ്പുര ഭാഗത്ത് സംസ്‌കരണ പ്ലാന്റിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

തുമ്പൂര്‍മുഴി മോഡല്‍ (എയറോബിക് കമ്പോസ്റ്റിംഗ് യുണിറ്റ്)
കോണ്‍ക്രീറ്റ് പാളികളോ ഇഷ്ടികയോ ഉപയോഗിച്ച് ഉണ്ടാക്കുന്ന 1.20-1.20-1.20 മീറ്റര്‍ വലിപ്പമുളള ഒരു പെട്ടിയാണ് തുമ്പൂര്‍മുഴി മോഡല്‍ കമ്പോസ്റ്റിംഗ യൂണിറ്റിലെ ഒരു ബിന്‍. മാലിന്യത്തിന്റെ ഉളളിലേയ്ക്ക് വായുസഞ്ചാരം സുഗമമാക്കുന്നതിന് നാലു സ്ഥലങ്ങളിലും ഇടവിട്ട് ഇടവിട്ട് 5 സെ.മീ അകലത്തില്‍ വിടവുകള്‍ ഉണ്ട്. ടാങ്കിന്റെ അടിയില്‍ ഫെറോ സിമന്റ്/കോണ്‍ക്രീറ്റ് ആകാം. മഴവെളളം വീഴാതെ മേല്‍ക്കൂര വേണം. എലിശല്യം ഒഴിവാക്കാന്‍ ബിന്നിനുള്ളില്‍ വല ഘടിപ്പിക്കാം. ഒരു കമ്പോസ്റ്റ് ബിന്നിന്റെ നിര്‍മ്മാണത്തിന് ഏകദേശം 18500 രൂപ വേണ്ടിവരും. ഇത്തരത്തില്‍ രണ്ടു ബിന്നുകളടങ്ങിയതാണ് ഒരു യൂണിറ്റ്.
പ്രവര്‍ത്തനരീതി
ആദ്യം ബിന്നിനുളളില്‍ ആറ് ഇഞ്ച് കനത്തില്‍ ചാണകം നിറയ്ക്കണം. ബാക്ടീരിയല്‍ കള്‍ച്ചറോ ബയോഗ്യാസ് പ്ലാന്റില്‍ നിന്നുളള സ്ലറിയോ ചാണകത്തിനു പകരം ഉപയോഗിക്കാം. ഇതിലെ സൂക്ഷ്മാണുക്കളാണ് കമ്പോസ്റ്റിംഗ് പ്രക്രിയ നടത്തുന്നത്. ചാണകഅട്ടിയ്ക്കു മുകളിലായി ആറ് ഇഞ്ച് കനത്തില്‍ കരിയില/ ചകിരി/ ഉണങ്ങിയപുല്ല്/ കീറിയകടലാസു കഷ്ണങ്ങള്‍ ഇവയിലേതെങ്കിലും ഇടണം. സൂക്ഷ്മാണുക്കള്‍ക്ക് ഊര്‍ജം നല്‍കുന്ന കാര്‍ബണ്‍ അവയിലടങ്ങിയിരിക്കുന്നു. ഇതിനു മുകളില്‍ ആറ് ഇഞ്ച് കനത്തില്‍ ജൈവമാലിന്യങ്ങള്‍ നിക്ഷേപിക്കുക. ഇതിനുപുറമെ ചാണകഅട്ടി, കരിയില, മാലിന്യം ഈ പ്രക്രിയ ബിന്ന് നിറയുന്നതു വരെ തുടരുക. ഏകദേശം 90 ദിവസത്തിനുശേഷം ബിന്നിനുളളിലെ ഉല്‍പ്പന്നം ഈര്‍പ്പം കളഞ്ഞ് പായ്ക്കറ്റിലാക്കി ജൈവവളമായി ഉപയോഗിക്കാവുന്നതാണ്. ബിന്നില്‍ നിന്നും ദുര്‍ഗന്ധം, ഊറല്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഓക്‌സിജന്റെ അഭാവമുണ്ടെന്ന് മനസിലാക്കാം. അകത്ത് വായു കടത്തിവിടുന്നതിന് ഇളക്കികൊടുക്കാം.
പീരുമേട് ഗ്രാമപഞ്ചായത്ത് ഇത്തരത്തില്‍ പത്ത് യൂണിറ്റുകളാണ് ആദ്യഘട്ടമായി നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത്. പദ്ധതിയുടെ മുന്നൊരുക്കങ്ങളുടെ ഭാഗമായി ഹരിതകര്‍മ്മസേനയുടെ നേതൃത്വത്തില്‍ വിവിധയിടങ്ങളില്‍ ബോധവത്ക്കരണ പരിപാടികള്‍ നടന്നുവരുന്നു. വീടുകളില്‍ ഉറവിട മാലിന്യ സംസ്‌കരണത്തിനാണ് മുന്‍തൂക്കം നല്കുന്നത്. ഇത് സാധ്യമാകാത്ത വ്യാപാര, പൊതു സ്ഥാപനങ്ങളില്‍ നിന്നും തരം തിരിച്ച മാലിന്യങ്ങള്‍ നിശ്ചിത ഫീസ് ഈടാക്കി പഞ്ചായത്ത് ശേഖരിക്കും. തുടര്‍ന്ന് ജൈവ മാലിന്യം തുമ്പൂര്‍മുഴി മോഡലില്‍ സംസ്‌കരിക്കും. ശുചിത്വമിഷന്‍ അനുവദിച്ച 13 ലക്ഷം രൂപ ഉപയോഗിച്ച് ഗ്രാമപഞ്ചായത്ത് നിര്‍മ്മിക്കുന്ന കെട്ടിടത്തില്‍ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് സൂക്ഷിക്കും. പിന്നീടിവ ബ്ലോക്ക്പഞ്ചായത്ത് നിര്‍മ്മിക്കുന്ന പ്ലാസ്റ്റിക് ഷെഡ്ഡിംഗ് യൂണിറ്റിലേക്ക് റീസൈക്ലിംഗിങ്ങ് അയക്കും. ആലപ്പുഴയില്‍ വിജയകരമായി പ്രവര്‍ത്തിച്ചുവരുന്ന തൂമ്പൂര്‍മുഴി മോഡല്‍ മാലിന്യ സംസ്‌കരണ പദ്ധതി അധികൃതര്‍ നേരില്‍ക് ബോധ്യപ്പെട്ടതിനുശേഷമാണ് ഗ്രാമപഞ്ചായത്തില്‍ ഈ പദ്ധതി പ്രാവര്‍ത്തികമാക്കുന്നത്. പീരുമേട്-കുമളി റോഡില്‍ മത്തായികൊക്ക ഭാഗത്ത് മാലിന്യം നിക്ഷേപിക്കുന്നതിനെതിരെ മനുഷ്യാവകാശ കമ്മീഷന്റെ വരെ ഇടപെടല്‍ ഉായിരുന്നു. തൂമ്പൂര്‍മുഴി മോഡല്‍ നടപ്പാകുന്നതോടെ പഞ്ചായത്തിലെ മാലിന്യ സംസ്‌കരണത്തിന് ശാശ്വതപരിഹാരമാകുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി. എസ്. സുലേഖ.പറഞ്ഞു.