മലപ്പുറം: കോവിഡിന്റെ പ്രത്യേക സാഹചര്യത്തില്‍ പരീക്ഷയുമായി ബന്ധപ്പെട്ട് കുട്ടികള്‍ക്കുണ്ടാകുന്ന മാനസിക സമ്മര്‍ദ്ദങ്ങള്‍ ഇല്ലാതാക്കി അവര്‍ക്ക് മാനസിക പിന്തുണ നല്‍കുന്നതിന് ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ‘കൂള്‍ ഓഫ് ടൈം കോള്‍ സെന്റര്‍’ എന്ന പേരില്‍ ജില്ലാതല കോള്‍ സെന്ററര്‍ ഒരുങ്ങുന്നു. വനിതാ ശിശു വികസന വകുപ്പ്, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റ്, പൊതു വിദ്യാഭാസ വകുപ്പ്, സി.ജി ആന്‍ഡ് എ.സി സെല്‍, ഹയര്‍ സെക്കന്‍ഡറി വിങ് എന്നിവര്‍ സംയുക്തമായാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ജില്ലാതല കോള്‍ സെന്റര്‍ ഒരുക്കിയിരിക്കുന്നത്. മാര്‍ച്ച് 31 വരെ കോള്‍സെന്റര്‍ പ്രവര്‍ത്തിക്കും.

കോള്‍ സെന്ററിന്റെ ഉദ്ഘാടനം ഐ.ടി അറ്റ് സകൂള്‍ ഹാളില്‍ ഇന്ന് (ഫെബ്രുവരി 24)  രാവിലെ 10:30ന് ജില്ലാ കലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ നിര്‍വഹിക്കും. റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍, ഡി.ഡി.ഇ, ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ എന്നിവര്‍ പങ്കെടുക്കും.
പരീക്ഷാ സംബന്ധമായി കുട്ടികള്‍ അഭിമുഖീകരിക്കുന്ന എല്ലാവിധ         ആശങ്കകള്‍ക്കും പ്രയാസങ്ങള്‍ക്കും  ജില്ലാതല കോള്‍സെന്ററുമായി ബന്ധപ്പെടാവുന്നതാണ്. രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് ആറ് വരെ 0483-2733112, 0483-2733113, 0483-2733114 എന്നീ നമ്പറുകളിലേക്കും വൈകീട്ട് ആറ്  മുതല്‍ രാവിലെ ആറ് വരെ 9447273711, 9072790493, 9446735024 എന്നീ നമ്പറുകളിലേക്കും കുട്ടികള്‍ക്ക് വിളിക്കാം.