തൃശ്ശൂർ: കുന്നംകുളം നഗരസഭ നടപ്പിലാക്കി വരുന്ന ശുചിത്വ മാലിന്യ സംസ്‌കരണ പരിപാടിയുടെ ഭാഗമായി ജനകീയ പങ്കാളിത്തത്തോടെ ഫെബ്രു. 27 ന് രാവിലെ 7 മുതല്‍ നഗരം കേന്ദ്രീകരിച്ച് ശുചീകരണ പ്രവര്‍ത്തനം നടത്തും. നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ ചെയര്‍ പേഴ്‌സണ്‍ സീതരവീന്ദ്രന്റെ അധ്യക്ഷതയില്‍ നടന്ന സംഘാടക സമിതി യോഗത്തില്‍ ശുചീകരണത്തിന് എല്ലാ വിഭാഗം ജനങ്ങളെ അണിനിരത്തുവാനും തീരുമാനിച്ചു.

വാണിജ്യ – വ്യാപാര സ്ഥാപനങ്ങളുടെ പരിസരത്ത് കൂടിക്കിടക്കുന്ന പാസ്റ്റിക്, പേപ്പര്‍ മുതലായ അജൈവ മാലിന്യങ്ങളാണ് നഗരത്തില്‍ അടിക്കടിയുണ്ടാകുന്ന തീപിടുത്തത്തിന് കാരണമാകുന്നത്. നഗരത്തില്‍ ബഹുജന ശുചീകരണം നടത്തുക വഴി തീപിടുത്തം തടയുവാന്‍ കഴിയുമെന്നും യോഗം വിലയിരുത്തി. ഇതിന്റെ ഭാഗമായി നഗരത്തിലെ കച്ചവട സ്ഥാപനങ്ങളുടെ പരിസരങ്ങളിലും റോഡിടവഴികളിലും നിലവില്‍ കൂടിക്കിടക്കുന്ന അജൈവ മാലിന്യങ്ങള്‍ നീക്കം ചെയ്യും.

ശുചീകരണ പരിപാടിയിലേക്ക് ജനപ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ഹരിത കര്‍മ സേനാംഗങ്ങള്‍, വിദ്യാര്‍ത്ഥികള്‍, കച്ചവടക്കാര്‍, ഡ്രൈവര്‍മാര്‍, യുവജന സംഘടനകള്‍, ക്ലബുകള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ സേവനവും ജനകീയ ശുചീകരണത്തില്‍ ഉറപ്പു വരുത്താന്‍ തീരുമാനിച്ചു.

നഗരസഭയുടെ നല്ല വീട് നല്ല നഗരം പദ്ധതി വിജയിപ്പിയ്ക്കുന്നതിനായി പൊതുജനങ്ങളുടെ സഹകരണം ഉണ്ടാകണമെന്ന് ചെയര്‍ പേഴ്‌സണ്‍ സീതാ രവീന്ദ്രന്‍ അറിയിച്ചു.

യോഗത്തില്‍ വൈസ് ചെയര്‍ പേഴ്‌സണ്‍ സൗമ്യ അനിലന്‍, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍മാരായ ടി സോമശേഖരന്‍, സജിനി പ്രേമന്‍, പ്രിയ സജീഷ്, സെക്രട്ടറി ടി കെ സുജിത്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ എസ് ലക്ഷ്മണന്‍, കൗണ്‍സിലര്‍മാര്‍, സി ഡി.എസ് ചെയര്‍പേഴ്‌സണ്‍മാര്‍, ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് ഭാരവാഹികള്‍, റോട്ടറി ക്ലബ്ബ് ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു