കൊല്ലം: കോവിഡ് നിയന്ത്രണ മാനദണ്ഡലംഘനങ്ങള്‍ തടയുന്നതിനായി സുശക്ത നടപടികള്‍ സ്വീകരിച്ചു ജില്ലാ ഭരണകൂടം. ജില്ലയിലെ 34 പോലീസ് സ്റ്റേഷന്‍ പരിധികളില്‍ സെക്ടര്‍ മജിസ്‌ട്രേറ്റുമാരെ നിയോഗിച്ച് ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ ഉത്തരവു പുറപ്പെടുവിച്ചു. കോവിഡ് പ്രോട്ടോക്കോളിനു വിരുദ്ധമായി രൂപപ്പെടുന്ന ആള്‍ക്കൂട്ടങ്ങള്‍ നിയന്ത്രിക്കുന്നതിനും ശരിയായ രീതിയില്‍ മാസ്‌ക്ക് ധാരണം ഉറപ്പുവരുത്തുന്നതിനുമാണ് നടപടി.

വ്യാപാര-വാണിജ്യ സ്ഥാപനങ്ങളിലെ കോവിഡ് നിയന്ത്രണ നിര്‍ദേശം ഉറപ്പുവരുത്തുക, സാമൂഹ്യ അകലം നടപ്പാക്കുന്നത് നിരീക്ഷിക്കുക, ആവശ്യമായ തുടര്‍ പ്രവര്‍ത്തനം എന്നിവയാണ് സെക്ടര്‍ മജിസ്‌ട്രേറ്റുമാരുടെ മുഖ്യ ചുമതല. ഇവയുടെ ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ കേസെടുത്ത് പിഴ ഈടാക്കുവാനും ഇപ്രകാരം സെക്ടര്‍ മജിസ്ട്രേറ്റ്മാരെ അധികാരപ്പെടുത്തി. തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാകും എന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.