ഉല്പന്നവിപണന പ്രദര്‍ശനമേളയായ ‘സമഗ്ര’യില്‍ വൈവിധ്യമാര്‍ന്ന ചക്ക ഉല്പന്നങ്ങളും തൈകളും പരിചയപ്പെടുത്തി കൃഷിവകുപ്പ.് സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി തേക്കിന്‍കാട് മൈതാനിയിലെ വിദ്യാര്‍ത്ഥി കോര്‍ണറില്‍ ഒരുക്കിയ പ്രദര്‍ശനത്തിലാണ് ചക്കയുടെ വൈവിധ്യലോകം സന്ദര്‍ശകര്‍ക്കു മുന്‍പില്‍ അവതരിപ്പിച്ച് കൃഷിവകുപ്പ് സ്രദ്ധേയമാകുന്നത്.

250 ഓളം ചക്കയിനങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. തേന്‍ വരിക്ക, കൂഴച്ചക്ക, താമരച്ചക്ക, രുദ്രാക്ഷ ചക്ക, ഔഷധ ഗുണമുള്ള മുള്ളാത്ത തുടങ്ങിയ നാടന്‍ ഇനങ്ങള്‍ മുതല്‍ മലേഷ്യയില്‍ നിന്നുള്ള ചുവന്ന ഡ്യൂറിയാന്‍, ഡാങ്ങ്സൂര്യ തുടങ്ങിയ വിദേശയിനം ചക്കകളും കാര്‍ഷിക സര്‍വ്വകലാശാല ഗവേഷണത്തിലൂടെ കണ്ടെത്തിയ സിന്ധു ചക്കയും പ്രദര്‍ശനത്തിലുണ്ട്. കാന്‍സര്‍, കൊളസ്ട്രോള്‍ നിയന്ത്രണം എന്നിവയ്ക്ക് ഏറെ ഉപകാരപ്രദമായ ചക്കകളുടെ അപൂര്‍വ്വ വിപണിയാണ് മേളയില്‍ ഒരുക്കിയിട്ടുള്ളത്. ചക്കയുടെ ഔഷധസാധ്യതകളും സന്ദര്‍ശകര്‍ക്കായി വിവരിച്ചു നല്‍കുന്നുണ്ട്.

ചക്കവരട്ടി, ചക്ക ഐസ്ക്രീം, ചക്കപ്പുഴുക്ക്, ചക്ക ഉണ്ണിയപ്പം, ചക്കമുറുക്ക് തുടങ്ങിയ ചക്ക നിര്‍മ്മിത ഉല്പന്നങ്ങള്‍ മേളയ്ക്കെത്തുന്നവരെ ആകര്‍ഷിക്കുന്നു. ഹോര്‍ട്ടികള്‍ച്ചര്‍ ഡിപ്പാര്‍ട്ട്മെന്‍റുകള്‍ തുടങ്ങി വിവിധ സംഘങ്ങള്‍ വരെ പ്രദര്‍ശനത്തില്‍ പങ്കാളികളാണ്. ചക്കയുടെ ഉല്പാദനത്തില്‍ പ്രാഥമിക സംസ്കരണത്തില്‍ വരുന്ന ടെണ്ടര്‍ ജാക്ക്, റോജാക്ക്, ജാക്ക്ഫ്രൂട്ട് ബാര്‍, വൈപ്പ് ജാക്ക്ഫ്രൂട്ട്, ദ്വിദീയ സംസ്കരണത്തില്‍ വരുന്ന സ്ക്വാഷ്, ചിപ്പ്സ്, ജാം, ലഘു സംസ്കരണത്തിലൂടെ ഉല്പാദിപ്പിക്കുന്ന ചക്കക്കുരു എന്നിവ ശാസ്ത്രീയമായി ഉല്പാദിപ്പിച്ച് വിപണനം ചെയ്യുന്ന വഴികള്‍, വിപണനത്തിന്‍റെ സാധ്യതകള്‍ എന്നിവയെക്കുറിച്ചും കൃഷിവകുപ്പ് സന്ദര്‍ശകര്‍ക്ക് അവബോധം നല്‍കുന്നുണ്ട്.
കൃഷിവകുപ്പില്‍ മെക്കാനിക്കും കോട്ടയം സ്വദേശിയുമായ ടി.കെ. സുഭാഷിന്‍റെ ചക്കയില്‍ നിര്‍മ്മിച്ച ശില്പങ്ങളും മേളയിലെ വേറിട്ട കാഴ്ചയാണ്. ചക്കയുടെ അന്താരാഷ്ട്ര വിപണിയെ മുന്നില്‍ കണ്ട് പ്രമേഹ നിയന്ത്രണത്തിനായി ഹെല്‍ത്തി ഫുഡ് വിഭാഗത്തില്‍ കോതമംഗലത്തു നിന്നു പുറത്തിറക്കിയ ജാക്ക്ഫ്രൂട്ട് 365 മേളയില്‍ പ്രത്യേക ശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്.