കടല്‍ക്ഷോഭത്തെ പ്രതിരോധിക്കാനും ജനജീവിതമടക്കമുള്ള നഷ്ടബാധ്യതയുടെ നിരക്ക് കുറച്ചും കടല്‍ത്തീരത്തെ ആവാസ വ്യവസ്ഥ എങ്ങനെ മാറ്റിയെടുക്കാം എന്നതിനുള്ള പരിഹാരമാര്‍ഗവുമായി ഇതാ തുറമുഖം എന്‍ജിനീയറിങ് വകുപ്പ്. സംസ്ഥാന സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് തേക്കിന്‍കാട് മൈതാനത്തെ വിദ്യാര്‍ത്ഥി കോര്‍ണറില്‍ നടക്കുന്ന څസമഗ്രچ ഉല്പന്ന വിപണന പ്രദര്‍ശനമേളയിലാണ് തുറമുഖം എന്‍ജിനീയറിങ് വകുപ്പ് ഇത്തരമൊരു പുത്തന്‍ ആശയം അവതരിപ്പിക്കുന്നത്. 590 കി. മീറ്റര്‍ ദൈര്‍ഘ്യമുള്ള തീരത്തെ മാതൃകയാക്കിയാണ് പ്രദര്‍ശന സ്റ്റാളില്‍ വകുപ്പ് ഇത്തരം സാധ്യതകള്‍ മുന്നില്‍ വെയ്ക്കുന്നത്.
തീരത്തിനു സമാന്തരമായി 55 മീറ്റര്‍ വീതിയില്‍ തീരത്തുടനീളം ഗ്രീന്‍ ബെല്‍റ്റ് സ്ഥാപിക്കണം. ഇതിലൂടെ കാര്‍ബണ്‍ വലിച്ചെടുക്കുന്നതോടൊപ്പം ആഗോളതാപന നിയന്ത്രണം സാധ്യമാകുകയും ചെയ്യും. ഗ്രീന്‍ബെല്‍റ്റിനു പിറകിലായി ഫിഷിങ് ഹാര്‍ബറുകളെ ബന്ധിപ്പിക്കുന്ന 15 മീറ്റര്‍ വീതിയില്‍ റോഡ് നിര്‍മ്മിക്കുകയും വേണം. ഇതിനു പിറകിലാണ് മത്സ്യത്തൊഴിലാളികളുടെ വീടുകളും മറ്റ് ജനവാസ മേഖലകളും ഉണ്ടാവേണ്ടത്. വൈദ്യുതി, വാര്‍ത്താവിനിമയ ഉപാധികള്‍ എന്നിവ കടന്നുപോകുന്നതിനുള്ള പ്രത്യേക തുരങ്കസംവിധാനവും ഇവര്‍ തയ്യാറാക്കിയിട്ടുണ്ട്. ഇത്തരം സംവിധാനങ്ങള്‍ യാഥാര്‍ത്ഥ്യമായാല്‍ കടല്‍ഭിത്തി നിര്‍മ്മാണം മൂന്നിലൊന്നാക്കി കുറയ്ക്കാം. കൂടാതെ വര്‍ഷം തോറും കടല്‍ക്ഷോഭത്തെ തുടര്‍ന്ന് ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്ന രീതിയും ഒഴിവാക്കാനാകുമെന്നാണ് തുറമുഖം എന്‍ജിനീയറിങ് വകുപ്പ് കരുതുന്നത്.