കേരളത്തിന്റെ കായിക മേഖലയിൽ കഴിഞ്ഞ പത്ത് വർഷത്തിനിടെ 5000 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനമുറപ്പാക്കാൻ സംസ്ഥാന സർക്കാരിനായി എന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ. 2022-23, 2023-24, 2024-25 വർഷങ്ങളിലെ ജി. വി. രാജ പുരസ്‌കാരം, ഒളിമ്പ്യൻ സുരേഷ് ബാബു മെമ്മോറിയൽ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ്, മാധ്യമ പുരസ്‌കാരങ്ങൾ എന്നിവയുടെ വിതരണോദ്ഘാടനം തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.

 2016ൽ സംസ്ഥാനത്ത് വെറും രണ്ട് സിന്തറ്റിക് ട്രാക്കുകൾ മാത്രമാണുണ്ടായിരുന്നതെങ്കിൽ ഇന്ന് അത് 24 ആയി ഉയർന്നു. ഈ മാസം തന്നെ നാല് ട്രാക്കുകൾ കൂടി പൂർത്തിയാക്കി കായിക താരങ്ങൾക്കായി തുറന്നുകൊടുക്കും. ഒളിമ്പിക്‌സ് ലക്ഷ്യമിട്ടുള്ള വിപുലമായ പരിശീലന പരിപാടികളാണ് കായിക വകുപ്പ് ആവിഷ്‌കരിച്ചിരിക്കുന്നത്. ഇതിനായി ‘കേരള ഒളിമ്പിക്‌സ് പാത്ത് വേ’ എന്ന പദ്ധതിക്ക് ബജറ്റിൽ തുക അനുവദിച്ചു കഴിഞ്ഞു. വിദേശ പരിശീലകരുടെ സേവനം ഉറപ്പാക്കുന്നതിനായി ആറ് വിദേശ രാജ്യങ്ങളുമായി കരാർ ഒപ്പിട്ടു കഴിഞ്ഞതായും മന്ത്രി പറഞ്ഞു.

 കായിക മേഖലയിൽ മികച്ച പ്രകടനം നടത്തുന്നവർക്ക് ജോലി ഉറപ്പാക്കുന്ന കാര്യത്തിൽ വലിയ മുന്നേറ്റമാണ് സംസ്ഥാന സർക്കാർ നടത്തിയത്. കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ 991 കായിക താരങ്ങൾക്ക് സർക്കാർ സർവീസിൽ ജോലി നൽകാൻ കഴിഞ്ഞു. പരിക്കു പറ്റി കായിക ജീവിതം അവസാനിപ്പിക്കേണ്ടി വരുന്ന താരങ്ങളെ ചേർത്തുപിടിക്കാൻ പ്രത്യേക നിയമനം നടത്തുന്നു. ഈ സാമ്പത്തിക വർഷം തന്നെ രണ്ട് പേർക്ക് ഇത്തരത്തിൽ ജോലി നൽകിയതായും മന്ത്രി പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ കായിക പരിശീലകരെ നിയമിക്കാൻ ഉത്തരവ് ഇറക്കിയിട്ടുണ്ട്. സ്‌പോർട്‌സ് സ്‌കൂളുകൾക്കായി അടുത്ത അധ്യയന വർഷം മുതൽ പ്രത്യേക സിലബസ് നടപ്പിലാക്കും.

പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസവും കായിക രംഗവും പരസ്പര പൂരകങ്ങളാണെന്നും കായിക സംസ്‌കാരം വിദ്യാഭ്യാസ രീതിയുടെ ഭാഗമാക്കുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. പാഠപുസ്തകത്തിലെ അറിവിനൊപ്പം മൈതാനത്തെ അച്ചടക്കവും പോരാട്ടവീര്യവും കുട്ടികൾക്ക് പകർന്നു നൽകണമെന്നും മന്ത്രി പറഞ്ഞു.

2022-23, 2023-24, 2024-25 വർഷങ്ങളിലെ മികച്ച കായിക താരങ്ങൾക്കുള്ള ജി. വി. രാജ പുരസ്‌കാരം, ഒളിമ്പ്യൻ സുരേഷ് ബാബു മെമ്മോറിയൽ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ്, മാധ്യമ പുരസ്‌കാരങ്ങൾ എന്നിവ ചടങ്ങിൽ വിതരണം ചെയ്തു. ‘വിഷൻ 2031’ കായിക സെമിനാർ റിപ്പോർട്ടിന്റെ പ്രകാശനവും മന്ത്രി വി. അബ്ദുറഹിമാൻ ചടങ്ങിൽ നിർവഹിച്ചു.

കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലി സ്വാഗതം ആശംസിച്ചു. സെക്രട്ടറി വിഷ്ണുരാജ് പി. റിപ്പോർട്ട് അവതരിപ്പിച്ചു. വാർഡ് കൗൺസിലർ ആർ. ഹരികുമാർ, മുൻ ഇന്ത്യൻ നാഷണൽ ഫീൽഡ് ഹോക്കി ടീം ക്യാപ്റ്റനും അർജുന അവാർഡ് ജേതാവുമായ പി. ആർ. ശ്രീജേഷ്, സ്‌പോർട്‌സ് കൗൺസിൽ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ കെ. സി. ലേഖ, രഞ്ജു സുരേഷ്, ഗോപൻ ജെ. എസ്., ബാബു പി. ഐ. തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. സ്‌പോർട്‌സ് കൗൺസിൽ വൈസ് പ്രസിഡന്റ് എം. ആർ. രഞ്ജിത്ത് നന്ദി പറഞ്ഞു.