ലിനിയുടെ ഭർത്താവിന് സർക്കാർ ജോലി; മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം വീതം

  • നിപ വൈറസ് ബാധിച്ച രോഗികളെ ശുശ്രൂഷിക്കുന്നതിനിടയിൽ രോഗം ബാധിച്ച് മരണപ്പെട്ട കോഴിക്കോട് പേരാമ്പ്ര താലൂക്കാശുപത്രിയിലെ നഴ്‌സ് ലിനിയുടെ ഭർത്താവ് സജീഷിന് വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ച് സർക്കാർ ജോലി നൽകാൻ മന്ത്രിസഭയോഗം തീരുമാനിച്ചു. ഇവരുടെ രണ്ട് കുട്ടികൾക്ക് പത്തു ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസിനിധിയിൽ നിന്ന് അനുവദിക്കാനും തീരുമാനിച്ചു.

ലിനിയടക്കം നിപ വൈറസ് ബാധിച്ചു മരിച്ച പത്തുപേരുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ വീതം അനുവദിക്കും. കൂടാതെ, കോഴിക്കോട് ജില്ലയിലെ സാബിത്ത് മരണപ്പെട്ടത് നിപ മൂലമാണെന്ന് സ്ഥിരീകരിക്കുകയാണെങ്കിൽ ആ കുടുംബത്തിനും അഞ്ചു ലക്ഷം രൂപ അനുവദിക്കും.

നഴസ് ലിനിയുടെ മക്കൾക്ക് അനുവദിക്കുന്ന തുകയിൽ അഞ്ചുലക്ഷം രൂപ വീതം ഓരോ കുട്ടിയുടേയും പേരിൽ ബാങ്കിൽ നിക്ഷേപിക്കും. പതിനെട്ട് വയസ്സ് പൂർത്തിയാകുമ്പോൾ തുകയും പലിശയും കുട്ടികൾക്ക് ലഭിക്കുന്ന വിധത്തിലാണ് നിക്ഷേപിക്കുക. ബാക്കിയുളള തുകയിൽ അഞ്ചുലക്ഷം രൂപ വീതം കുട്ടികളുടെ ആവശ്യങ്ങൾക്ക് പലിശ രക്ഷാകർത്താവിന് പിൻവലിക്കാവുന്ന വിധത്തിൽ നിക്ഷേപിക്കും.

  • തിരുവല്ല ട്രാവൻകൂർ ഷുഗേഴ്‌സ് ആന്റ് കെമിക്കൽസ് തൊഴിലാളികളുടെയും ഓഫീസർമാരുടെയും ശമ്പളം പരിഷ്‌കരിക്കാൻ തീരുമാനിച്ചു.
  • ഓഖി ദുരന്തത്തിൽ വീട് പൂർണമായും നഷ്ടപ്പെട്ട 74 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് സ്ഥലവും വീടും നൽകുന്നതിന് 7.62 കോടി രൂപ നൽകാൻ തീരുമാനിച്ചു.
  • എൽബിഎസ് സെന്ററിലേയും എൽബിഎസ് എഞ്ചിനീയറിംഗ് കോളേജുകളിലേയും ജീവനക്കാർക്ക് ശമ്പളപരിഷ്‌കരണം അനുവദിക്കാൻ തീരുമാനിച്ചു.
  • സംസ്ഥാനത്ത് പുതുതായി പത്ത് ഫോറസ്റ്റ് സ്റ്റേഷനുകൾ അനുവദിക്കാൻ തീരുമാനിച്ചു. ഇതിനായി 99 തസ്തികകൾ സൃഷ്ടിക്കും.
  • സംസ്ഥാനങ്ങത്ത് നൈപുണ്യവികസന പരിപാടികൾ ഏകോപിപ്പിക്കുന്നതിന് കേരള അക്കാദമി ഫോർ സ്‌കിൽസ് എക്‌സലൻസ് സമർപ്പിച്ച ശുപാർശ അംഗീകരിച്ചു. ഇതനുസരിച്ച് നൈപുണ്യവികസനത്തിനുളള നയങ്ങൾ തീരുമാനിക്കുന്നത് മുഖ്യമന്ത്രി ചെയർമാനായ സംസ്ഥാനതല കൗൺസിലായിരിക്കും. തൊഴിൽ ഉൾപ്പെടെ എട്ട് വകുപ്പുകളുടെ മന്ത്രിമാരും ചീഫ് സെക്രട്ടറിയും രണ്ടു വ്യവസായ പ്രതിനിധികളും കൗൺസിലിൽ അംഗങ്ങളായിരിക്കും.
  • കർഷകരുടെ ക്ഷേമത്തിനും അവർക്ക് പെൻഷൻ ഉൾപ്പെടെയുളള ആനുകൂല്യങ്ങൾ നൽകുന്നതിനും ക്ഷേമനിധി രൂപീകരിക്കുന്നതിനുളള കരട് ബിൽ മന്ത്രിസഭ അംഗീകരിച്ചു.
  • പരിസ്ഥിതി ധവളപത്രം മന്ത്രിസഭ അംഗീകരിച്ചു.