നിറവ് 2018 ന്റെ ഭാഗമായി ചെറുതോണിയിലെ മേള നഗരിയില്‍ ഒരുക്കിയിരിക്കുന്ന എക്‌സൈസ് വകുപ്പിന്റെ പ്രദര്‍ശന സ്റ്റാള്‍ ശ്രദ്ധേയമാകുന്നു. തൊടുപുഴ അല്‍- അസ്ഹര്‍ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളും എക്‌സൈസ് വകുപ്പും ഒരുമിച്ചൊരിക്കിയിരിക്കുന്ന പ്രദര്‍ശന കാഴ്ചകള്‍ കാണാന്‍ നിരവധി ആളുകളാണ് മേള നഗരിയില്‍ എത്തുന്നത്. എക്‌സൈസ് വകുപ്പിലെ 20 തോളം ഉദ്യോഗസ്ഥരും അല്‍- അസ്ഹര്‍ കോളേജിലെ ഏഴോളം വിദ്യാര്‍ത്ഥികളും ചേര്‍ന്നാണ് മേളനഗരിയില്‍ ലഹരിയുടെ ദൂഷ്യവശങ്ങള്‍ വിവരിക്കുന്നത്. മദ്യം മയക്കുമരുന്ന് എന്നിവയുടെ ഉപയോഗം മനുഷ്യ ശരീരത്തെ എങ്ങനെ ബാധിക്കുന്നു എന്ന് പ്രദര്‍ശന സ്റ്റാളിലൂടെ പൊതുജനങ്ങളിലേക്കെത്തുന്നു. വിമുക്തി ലഹരി വര്‍ജന മിഷന്റെ ആശയം ജനങ്ങളിലേക്കെത്തിക്കുന്നതിനൊപ്പം ലഹരിയുടെ ഉപയോഗത്താല്‍ തകരാറിലാകുന്ന ശരീരത്തിന്റെ വിവിധ അവയവങ്ങളും സ്റ്റാളുകളില്‍ ഒരുക്കയിരിക്കുന്നു. ഇതിലൂടെ ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് കൃത്യമായ അവബോധം ജനങ്ങള്‍ക്ക് ലഭിക്കുന്നു. പൊതുജനങ്ങള്‍ക്ക് ഇത് നേരിട്ട് കാണാനും ലഹരിയുടെ ഉപയോഗം ഏതു രീതിയില്‍ ബാധിക്കുന്നു എന്നു മനസ്സിലാക്കാനും സാധിക്കും. അസി. എക്‌സൈസ് കമ്മീഷ്ണര്‍ ജി പ്രദീപിന്റെ നേതൃത്വത്തില്‍ എക്‌സൈസ് വകുപ്പ് ജില്ലയില്‍ പലയിടങ്ങളിലായി ലഹരി വിരുദ്ധ സന്ദേശങ്ങള്‍ പകര്‍ന്ന് ഇതിനകം നിരവധി പരിപാടികള്‍ സംഘടിപ്പിച്ചു കഴിഞ്ഞു. ഇടമലക്കുടിയടക്കമുള്ള ആദിവാസി മേഖലകളില്‍ ബോധവത്ക്കരണ പരിപാടികള്‍,സെമിനാറുകള്‍, ലഹരി വിരുദ്ധ നാടകം എന്നിവ എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ നടന്നു വരുന്നു. ഉദ്യോഗസ്ഥര്‍ നേരിട്ട് എത്തിയാണ് ആദിവാസി മേഖലകളില്‍ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി 25വരെ ചെറുതോണിയിലെ മേള നഗരിയില്‍ ഏക്‌സൈസ് വകുപ്പിന്റെ സ്റ്റാളുകള്‍ സന്ദര്‍ശിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരമുണ്ടാകും.