പരിമിതമായ ജീവിത സാഹചര്യങ്ങളിലും ഓരോ വ്യക്തിയും വിജയം ആര്‍ജ്ജിച്ചെടുക്കേണ്ടതിന്റെ ആവശ്യകത ഓര്‍മപ്പെടുത്തി നിറവ് 2018 ന്റെ വേദിയില്‍ അഞ്ചാം ദിവസം നടന്ന സെമിനാര്‍ വ്യത്യസ്തത പുലര്‍ത്തി. സാധാരണ വ്യക്തിയെ എങ്ങനെ അസാമാന്യ കഴിവുകളുള്ള വ്യക്തിയാക്കാം. നല്ല സ്വഭാവം, ആത്മവിശ്വാസം, കഴിവ് എന്നിവ വളര്‍ത്തിയെടുക്കുന്നതിലൂടെ അസാമാന്യ കഴിവുകളുള്ള ആളാക്കി ജീവിത വിജയം കൈവരിക്കാനാകുമെന്ന സന്ദേശം നല്‍കിയ സെമിനാര്‍ സദ്ദസ്സിന് പ്രചോദനമായി. മോട്ടിവേഷണല്‍ ട്രെയിനര്‍ ജിന്‍സ് പാറക്കല്‍ സെമിനാര്‍ നയിച്ചു.വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച് സെമിനാറില്‍ ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നായി ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. പത്താംക്ലാസ് വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് വ്യക്തിത്വ വികസനത്തിനൊപ്പം ലക്ഷ്യ ബോധത്തോടെയുള്ള തുടര്‍ പഠന സാധ്യതകളും വിശദീകരിച്ചാണ് സെമിനാര്‍ നടന്നത്. ഉന്നത നിലവാരത്തില്‍ തുടര്‍ പഠനം സാധ്യമാക്കുക, അതോടൊപ്പം മികച്ച ജീവത നിലവാരത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും ജിന്‍സ് പാറക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പകര്‍ന്ന് നല്‍കി. ആരോഗ്യകരമായ ജീവിത സാഹചര്യത്തിനൊപ്പംമാത്രമേ സമൂഹത്തില്‍ ഒരു വ്യക്തിയെന്ന നിലയില്‍ വിജയിക്കാന്‍ കഴിയൂ എന്ന് ആരോഗ്യ, വ്യക്തി ശുചിത്വ ക്ലാസ് നയിച്ച ഡോ എമിന്‍ പി എസ് അഭിപ്രായപ്പെട്ടു. മഴക്കാലപൂര്‍വ്വ രോഗങ്ങളെ ഏതു വിധേന പ്രതിരോധിക്കാന്‍ സാധിക്കുമെന്നും ഡെങ്കിപനി, ചിക്കന്‍ഗുനിയ, കോളറ, എലിപനി, ടൈഫോയ്ഡ്, നിപ്പാ തുടങ്ങിയ രോഗങ്ങളുടെ ലക്ഷണങ്ങളും പ്രതിരോധ നടപടികളും എപ്രകാരമാകണമെന്നും അദ്ദേഹം വ്യക്തമാക്കി. മനുഷ്യന്റെ ഓര്‍മ ശക്തിയും പരസ്പരമുള്ള ഇടപെടലും, സ്വധൈര്യത്തോടെ കാര്യങ്ങള്‍ അന്വേഷിക്കുകയും കണ്ടെത്തുകയും ചെയ്യുന്നതിനുള്ള സ്വയംപര്യപ്ത കൈവരിക്കല്‍ തുടങ്ങിയ വിഷയങ്ങളെ ലോകോത്തര സിനിമ, ചിത്രകഥകള്‍ തുടങ്ങിയവയുടെ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചുള്ള ഉദാഹരണങ്ങളിലൂടെയാണ് സെമിനാറില്‍ വിശദീകരിച്ചത്.