വിദ്യാര്‍ത്ഥികളുമായി സംവദിച്ചും സംശയങ്ങള്‍ക്ക് മറുപടി നല്‍കിയും ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും നിറവില്‍ നടന്ന വ്യക്തിത്വ വികസന സെമിനാര്‍ ജീവസുറ്റതാക്കി, എസ് എസ് എല്‍ സി പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഇരുവരും നല്‍കി. അച്ചടക്കവും സമയക്രമീകരണവും കൃത്യ നിഷ്ഠയും ജീവിത വിജയത്തിന് അനിവാര്യമാണെന്ന് ജില്ലാ കളക്ടര്‍ ജി ആര്‍ ഗോകുല്‍ വിദ്യാര്‍ത്ഥികളെ ഓര്‍മപ്പെടുത്തി. തന്റെ പഠനക്കാല ഓര്‍മകള്‍ പങ്കുവെച്ചാണ് ജില്ലാ പോലീസ് മേധാവി കെ ബി വേണുഗോപാല്‍ വിദ്യാര്‍ത്ഥികളെ കയ്യിലെടുത്തത്. പരാജയപ്പെട്ടാല്‍ ഉടന്‍ ജീവിതം അവസാനിപ്പിക്കുക എന്നത് പുതുതലമുറയുടെ ട്രെന്റായി മാറി കഴിഞ്ഞിരിക്കുന്നു, ജീവിതത്തില്‍ പരാജയങ്ങള്‍ ഉണ്ടായേക്കാം പക്ഷേ നിരാശരാകാതെ കൂടുതല്‍ പ്രയത്‌നമാണ് ആവശ്യം, പരാജയം വിജയത്തിനു മുന്നോടിയാണെന്ന് ഓര്‍മപ്പെടുത്തിയാണ് അദ്ദേഹം വിദ്യാര്‍ത്ഥികള്‍ക്ക് സന്ദേശം നല്‍കിയത്. മദ്യപാനം, ജില്ലയുടെ പിന്നോക്കാവസ്ഥ, സിവില്‍ സര്‍വ്വീസ് എന്ന സ്വപ്‌നം എങ്ങനെ സാക്ഷാത്ക്കരിക്കാം തുടങ്ങി വിവിധ വിഷയങ്ങളെ കുറിച്ച് വിദ്യാര്‍ത്ഥികള്‍ ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥതരോട് ചോദ്യങ്ങള്‍ ഉന്നയിക്കുകയും സംശയനിവാരണം നടത്തുകയും ചെയ്തു. പരിപാടിയുടെ ഭാഗമായി കഴിഞ്ഞ എസ് എസ് എല്‍ സി പരീക്ഷയില്‍ 100 ശതമാനം വിജയം കൈവരിച്ച 92 വിദ്യാലയങ്ങള്‍ക്ക് ഇരുവരും ചേര്‍ന്ന് ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു. ചെറുതോണിയിലെ മേള നഗരിയില്‍ നടന്ന ചടങ്ങില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍ പി സന്തോഷ്, ഡിറ്റിപിസി എക്‌സിക്യൂട്ടിവ് അംഗം സി വി വര്‍ഗീസ്, പി ബി സബീഷ്, സജി തടത്തില്‍, എ ശ്യാം കുമാര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.