മികച്ച  മലിനീകരണ നിയന്ത്രണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും അവ കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്ന വ്യവസായശാലകള്‍ക്കുള്ള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ  അവാര്‍ഡുകള്‍ തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി ഡോ. കെ.ടി. ജലീല്‍ വിതരണം ചെയ്തു. മാലിന്യ സംസ്‌ക്കരണത്തിലും അതിലൂടെ പരിസ്ഥിതി സംരക്ഷണത്തിലും മികവു കാട്ടിയ തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള 2018-ലെ പരിസ്ഥിതി സംരക്ഷണ അവാര്‍ഡുകളും മന്ത്രി സമ്മാനിച്ചു.
കോര്‍പ്പറേഷന്‍ വിഭാഗത്തില്‍ കോഴിക്കോട് മുനിസിപ്പല്‍ കോര്‍പ്പറേഷന് രണ്ടാം സ്ഥാനവും മുനിസിപ്പാലിറ്റി വിഭാഗത്തില്‍ ആലപ്പുഴ മുനിസിപ്പാലിറ്റിക്ക്  ഒന്നാം സ്ഥാനവും, ആറ്റിങ്ങല്‍, കൊയിലാണ്ടി  മുനിസിപ്പാലിറ്റികള്‍ക്ക് രണ്ടാം സ്ഥാനവും ചിറ്റൂര്‍-തത്തമംഗലം, വടകര മുനിസിപ്പാലിറ്റികള്‍ക്ക് മൂന്നാം സ്ഥാനവും തളിപ്പറമ്പ് മുനിസിപ്പാലിറ്റിക്ക് പ്രോത്സാഹന സമ്മാനവും പഞ്ചായത്ത് വിഭാഗത്തില്‍ കുമളി ഗ്രാമപഞ്ചായത്തിന് ഒന്നാം സ്ഥാനവും ലഭിച്ചു.
ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ഗാര്‍ഹിക മാലിന്യ സംസ്‌ക്കരണം, ഓര്‍ഗാനിക് ഫാമിംഗ് തുടങ്ങിയവ ഫലപ്രദമായി നടപ്പിലാക്കിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള ഹരിതകേരള അവാര്‍ഡ് പരിസ്ഥിതി വകുപ്പ് അഡീഷണല്‍ ചീഫ്  സെക്രട്ടറി പി.എച്ച്. കുര്യന്‍ വിതരണം ചെയ്തു. ഹരികുമാര്‍.പി.സി ക്ക് ഒന്നാം സ്ഥാനവും റോസ്‌മേരി ജോയിസിന് രണ്ടാം സ്ഥാനവും ശ്രീത.എ.എം, ജോണ്‍.വി.ജി എന്നിവര്‍ക്ക് പ്രോത്സാഹന സമ്മാനവും ലഭിച്ചു.
ലോക പരിസ്ഥിതി ദിനാചരണവും പരിസ്ഥിതി സെമിനാറുകളും ചര്‍ച്ചയും ജൂണ്‍ അഞ്ചു മുതല്‍ ഏഴുവരെ തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌ക്യതി ഭവനിലും സമാപന ചടങ്ങ്  തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലിലെ സിംഫണി ഹാളിലുമായാണ് നടന്നു വരുന്നത്.