സിനിമാ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാനായി സമഗ്ര നിയമനിർമ്മാണം സർക്കാർ ആലോചിക്കുകയാണെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ. ബാലൻ പറഞ്ഞു. കേരള ചലച്ചിത്ര അക്കാദമിയുടെ പത്താമത് ദേശീയ ചലച്ചിത്രോത്സവം പയ്യന്നൂർ രാജധാനി തിയറ്ററിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാനായി സർക്കാർ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി ആറ് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കുമെന്ന് മന്ത്രി അറിയിച്ചു. ഗ്രാമങ്ങളിൽ 100 പുതിയ തിയറ്ററുകൾ നിർമ്മിക്കുകയാണ് സർക്കാർ. ഇതിൽ 17 തിയറ്ററുകൾ നിർമ്മാണം തുടങ്ങിക്കഴിഞ്ഞു. തിരുവനന്തപുരം ചിത്രാഞ്ജലിയിൽ 150 കോടി രൂപയുടെ ഫിലിം സിറ്റി യാഥാർഥ്യമാവുകയാണ്. ഐ എഫ് എഫ് കെക്ക് സ്ഥിരം വേദി നിർമിക്കാൻ നടപടി തുടങ്ങിയതായും മന്ത്രി പറഞ്ഞു.

മേളയുടെ ഭാഗമായുള്ള ഫോട്ടോ പ്രദർശനം തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. സി.കൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. പ്രശസ്ത കന്നഡ സംവിധായകൻ ഗിരീഷ് കാസറവള്ളി മുഖ്യാതിഥിയായി. ടി.വി. രാജേഷ് എം.എൽ.എ, പയ്യന്നൂർ നഗരസഭ ചെയർമാൻ അഡ്വ. ശശി വട്ടക്കൊവ്വൽ, ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ, ക്ഷേത്ര കലാ അക്കാദമി ചെയർമാൻ ഡോ. കെ.എച്ച് സുബ്രഹ്മണ്യൻ, മുൻ എം.എൽ.എ കെ.പി. കുഞ്ഞിക്കണ്ണൻ, സ്വാഗത സംഘം രക്ഷാധികാരി ടി. ഐ മധുസൂദനൻ , വർക്കിംഗ് ചെയർമാൻ കെ.പി. മധു, ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു, മധു ജനാർദനൻ എന്നിവർ സംസാരിച്ചു.
20l6, 2017 വർഷങ്ങളിലെ ദേശീയ സിനിമ അവാർഡ് ജേതാക്കളെ ചടങ്ങിൽ ആദരിച്ചു.

മലയാളസിനിമ നവതി ആഘോഷിക്കുമ്പോഴാണ് ഒരു ദശകം പൂർത്തിയാക്കുന്ന ദേശീയ ചലച്ചിത്രമേള പയ്യന്നൂരിലെത്തിയത്. വടക്കൻ കേരളത്തിലെ ജനങ്ങൾക്ക് ഇന്ത്യൻ പ്രാദേശിക ഭാഷകളിലെ സിനിമകൾ കാണാനുള്ള അവസരമൊരുക്കുകയാണ് ചലച്ചിത്ര അക്കാദമി. മേളയുടെ ഭാഗമായി ജൂൺ 13 വരെ പയ്യന്നൂർ രാജധാനി തീയറ്ററിൽ ശ്രദ്ധേയമായ 28 ഇന്ത്യൻ സിനിമകളാണ് പ്രദർശിപ്പിക്കുന്നത്.