ആരോഗ്യമേഖലയ്ക്ക് പ്രഥമ പരിഗണനയാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നതെന്ന് സഹകരണ-ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കോഴഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ നവീകരിച്ച ഹോമിയോ ഡിസ്‌പെന്‍സറിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.  ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്. ആശുപത്രികളില്‍ ഡോക്ടര്‍മാരുടേയും മറ്റ് ജീവനക്കാരുടേയും ഒഴിവുകള്‍ നികത്തുകയും നിരവധി പുതിയ തസ്തികകള്‍ സൃഷ്ടിക്കുകയും ചെയ്തു. നിപ പോലുള്ള രോഗങ്ങളെ ചെറുക്കാന്‍ സാധിച്ചത്  ആരോഗ്യമേഖല കൈവരിച്ച മുന്നേറ്റത്തിന് തെളിവാണ്. എല്ലാ ചികിത്സാ സമ്പ്രദായങ്ങളും യോജിപ്പിച്ചാല്‍ മാത്രമേ ആരോഗ്യമുള്ള സമൂഹത്തെ സൃഷ്ടിക്കാന്‍ കഴിയുകയുള്ളു. ആരോഗ്യമേഖലയിലെ എല്ലാ ചികിത്സാ സമ്പ്രദായങ്ങള്‍ക്കും സര്‍ക്കാര്‍ സവിശേഷമായ പ്രാധാന്യമാണ് നല്‍കുന്നത്. സമസ്ത മേഖലയേയും പരിരക്ഷിക്കണം എന്ന കാഴ്ചപ്പാടാണ് സര്‍ക്കാരിന്റേതെന്നും മന്ത്രി പറഞ്ഞു.
 വിദ്യഭ്യാസത്തിനും ഇതേ പ്രാധാന്യമാണ് സര്‍ക്കാര്‍ നല്‍കുന്നത്. പൊതുവിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരം വര്‍ധിപ്പിക്കുന്നതിന് ഇതാദ്യമായി മാസ്റ്റര്‍ പ്ലാന്‍ തയാറാക്കി ശാസ്ത്രീയമായി പ്രവര്‍ത്തനം നടത്തുകയാണ്. ഇതിനൊപ്പം ക്ലാസ് മുറികളും സ്മാര്‍ട്ടാക്കി മാറ്റുകയാണ്. വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
വീണാ ജോര്‍ജ് എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാ ദേവി, കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ശ്യാം മോഹന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കോണ്ടൂര്‍, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ബി. സത്യന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജെറി മാത്യു സാം, ബിജിലി പി ഈശോ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ലതാ ചെറിയാന്‍, ക്രിസ്റ്റഫര്‍ ദാസ് , സാറാമ്മ ഷാജന്‍, സുമിത ഉദയകുമാര്‍, മോളി ജോസഫ്, സുനിത ഫിലിപ്പ്, അഡ്വ.ഡി. ശ്രീരാജ്, ഫിലിപ്പോസ് സ്‌കറിയ, സുനില്‍കുമാര്‍, തോമസ് ചാക്കോ, ആസൂത്രണസമിതി ഉപാധ്യക്ഷന്‍ പ്രൊഫ: കെ.ജി.ദേവരാജന്‍ നായര്‍, കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ പി.വി. ശാന്തമ്മ, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എം.കെ. വിജയന്‍ ,അഡ്വ: ശരത്ചന്ദ്രകുമാര്‍, ജോസ് പുതുപ്പറമ്പില്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ഹോമിയോ) ഡോ.എസ്. ഗുരുപ്രസാദ്, ഡോ. നെബു പി മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു.