വിപുലമായ പൈതൃകത്തെ സൂക്ഷിക്കുന്ന ഹൃദയഭൂമിയാണ് തൃശൂരെന്ന് പുരാവസ്തു-മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. തൃശൂര്‍ ജില്ലാ പൈതൃക മ്യൂസിയം പൂര്‍ത്തികരിച്ച രണ്ടാംഘട്ട പദ്ധതികളുടെ സമര്‍പ്പണം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിരവധി മതവിഭാഗങ്ങളുടെ സാന്നിധ്യവും മതസൗഹാര്‍ദ്ദവും ചരിത്ര വിസ്മയങ്ങളും തൃശൂരിന്‍റെ പാരമ്പര്യമാണ്. ഇത്തരം സാംസ്ക്കാരിക പൈതൃകങ്ങളെ സംബന്ധിച്ച് ജനങ്ങളെ ബോധവാന്‍മാരാക്കുകയാണ് പൈതൃക മ്യൂസിയംപ്പോലുള്ള സംരംഭങ്ങളുടെ ലക്ഷ്യം. പുതിയ തലമുറയുടെ മനസില്‍ ചരിത്രാവബോധം സഷ്ടിക്കേണ്ടത് പ്രധാനമാണ്. എല്ലാ ജില്ലകളിലും ആരംഭിക്കുന്ന പൈതൃക മ്യൂസിയങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ആവേശകരവും പ്രതീക്ഷാനിര്‍ഭരവുമാണ് ഈ സ്വീകാര്യതയെന്നും അദ്ദേഹം സൂചിപ്പിച്ചു. നവകേരള സൃഷ്ടിക്ക് ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുകയാണ് എല്ലാ സര്‍ക്കാര്‍ വകുപ്പുകളും. അംഗപരിമിത സൗഹൃദമായാണ് പൈതൃക മ്യൂസിയം നിര്‍മാണം. മ്യൂസിയം നാടിന്‍്റെ ഭാഗമായിമാറിയെന്നും അദ്ദേഹം പറഞ്ഞു. കൃഷി വകുപ്പു മന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. കോര്‍പ്പറേഷന്‍ മേയര്‍ അജിത ജയരാജന്‍ വിശിഷ്ടാഥിതിയായി. കേരള ചരിത്ര പൈതൃക മ്യൂസിയം എകസിക്യൂട്ടീവ് ഡയറക്ടര്‍ ആര്‍. ചന്ദ്രന്‍പിള്ള റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പുരാരേഖ വകുപ്പ് ഡയറക്ടര്‍ ഇന്‍ചാര്‍ജ് പി. ബിജു, വാസ്തുവിദ്യാ ഗുരുകുലം എസ്കിക്യൂട്ടീവ് ഡയറക്ടര്‍ ടി.കെ. കരുണദാസ്, മ്യൂസിയം -മൃഗശാല വകുപ്പ് സൂപ്രണ്ട് രാജേഷ്, മ്യൂസിയം മൃഗശാല വകുപ്പ് മുന്‍ ഡയറക്ടര്‍ കെ. ഗംഗാധരന്‍, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു. പുരാവസ്തു വകുപ്പ് ഡയറക്ടര്‍ ജെ. രജികുമാര്‍ സ്വാഗതവും പുരാവസ്തുവകുപ്പ് സൂപ്രണ്ടിംഗ് ആര്‍ക്കിയോളജിസ്റ്റ് കെ.ആര്‍. സോന നന്ദിയും പറഞ്ഞു.