കൊച്ചി: കെഎസ്ആര്‍ടിസിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനാവശ്യമായ കൃത്യമായി ആസൂത്രണം ചെയ്ത പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്. കേരളത്തില്‍ ആദ്യമായി പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുന്ന പരിസ്ഥിതി സൗഹൃദ വൈദ്യുതി ബസിന്റെ എറണാകുളം മേഖലയിലെ ഫ്‌ളാഗ് ഓഫ് വൈറ്റില മൊബിലിറ്റി ഹബ്ബില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കെഎസ്ആര്‍ടിസിയെ ലാഭത്തിലാക്കുന്നതിനുള്ള ആസൂത്രിത പദ്ധതികളുടെ ഭാഗമായാണ് വൈദ്യുത ബസ് അവതരിപ്പിക്കുന്നത്. ഇത് ഒരു പരീക്ഷണമാണ്. കെഎസ്ആര്‍ടിസിയിലെ ചെലവു ചുരുക്കാനും കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും വലിയ പഠനങ്ങളും തുടര്‍ശ്രമങ്ങളും നടത്തിവരികയാണ് സര്‍ക്കാര്‍. വൈദ്യുത വാഹനങ്ങളിലേക്ക് ലോകം മുഴുവന്‍ മാറുകയും ഇന്ധന വില കുതിച്ചുയരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ശബ്ദവും പുകയുമില്ലാത്ത പരിസ്ഥിതി സൗഹൃദമായ വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ബസ് എന്ന ആശയം അവതരിപ്പിക്കുന്നത്. ഇന്ധനവിലയും പരിസ്ഥിതി പ്രശ്നങ്ങളും നേരിടുന്നതിനുള്ള ഉപാധി കൂടിയാണിത്. പരീക്ഷണം വിജയമെങ്കില്‍ കൂടുതല്‍ ബസുകള്‍ നിരത്തിലിറക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. വൈറ്റിലയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനാവശ്യമായ നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. പുതിയ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ സ്വാഭാവികമായുണ്ടാകുന്ന പ്രശ്നമാണിതെന്നും എല്ലാവരുടെയും സഹകരണത്തോടെ പ്രശ്നം പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.
കെഎസ്ആര്‍ടിസിയെ പുനരുജ്ജീവിപ്പിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കണമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച പി.ടി. തോമസ് എംഎല്‍എ പറഞ്ഞു. ഈ രംഗത്ത് പരീക്ഷണങ്ങള്‍ അനിവാര്യമാണ്. ജീവനക്കാരെയും പങ്കാളികളാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിന് പൊതുഗതാഗതം പ്രോത്സാഹിപ്പിക്കണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ പ്രൊഫ. കെ. വി. തോമസ് പറഞ്ഞു. കൊച്ചി മെട്രോ ലാഭത്തിലാകാനുള്ള സാധ്യതയാണ് കാണുന്നത്. ഫലപ്രദമായ പൊതുഗതാഗത സംവിധാനമായി കെഎസ്ആര്‍ടിസിയെ മാറ്റുന്നതിന് വൈദ്യുത ബസ് എന്ന പരീക്ഷണം തുടക്കമിടുമെന്നും അദ്ദേഹം പറഞ്ഞു.