ആലപ്പുഴ: ജില്ല കളക്ടര്‍ എസ്.സുഹാസും ആര്‍.ടി.ഒ യും ചേര്‍ന്ന് നഗരത്തിലെ ബസുകളില്‍ വാതില്‍ പരിശോധന നടത്തി. നഗര പെര്‍മിറ്റില്‍ ഓടിക്കൊണ്ടിരിക്കുന്ന മിക്ക സ്വകാര്യ ബസുകള്‍ക്കും വാതില്‍ ഇല്ല എന്ന നിരന്തരമായ പരാതി കളക്ടര്‍ക്ക് ലഭിച്ചതിനെത്തുടര്‍ന്നാണ് പരിശോധന നടത്തിയത്. ബുധനാഴ്ച കളക്ടറേറ്റില്‍ ചേര്‍ന്ന മോട്ടോര്‍ റോഡ് സുരക്ഷ യോഗത്തിനു ശേഷം ജില്ലാ കളക്ടര്‍ വാഹനപരിശോധന വിഭാഗവുമായി ചേര്‍ന്നാണ് പരിശോധന നടത്തിയത.് കളക്ടറേറ്റിനുമുമ്പില്‍ത്തന്നെ നിറയെ യാത്രക്കാരുമായി വന്ന ബസിന് പിന്‍വാതില്‍ ഉണ്ടായിരുന്നില്ല. തൊട്ടുപിന്നാലെ വന്ന സ്വകാര്യബസും തടഞ്ഞുനിര്‍ത്തി പരിശോധന നടത്തി .അതിനും പിന്‍വാതില്‍ ഉണ്ടായിരുന്നില്ല. ആര്‍.ടി.ഒ ഷിബു.കെ.ഇട്ടി ഉള്‍പ്പെടെയുള്ള മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും പരിശോധനയ്ക്ക് നേതൃത്വം നല്‍കി. തുടര്‍ന്ന് ബസുകളില്‍ വാതില്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള നിയമത്തെക്കുറിച്ച് ബസ് ജീവനക്കാര്‍ക്ക് ബോധവത്കരണം നല്‍കി. വൈകിട്ട്തന്നെ വാതില്‍ പിടിപ്പിച്ച വിവരം ഓഫീസില്‍ അറിയിക്കാനും നിര്‍ദ്ദേശം നല്‍കി. ജില്ലാ കളക്ടര്‍ കണ്ടക്ടറെയും ഡ്രൈവറേയും മുന്നറിയിപ്പുനല്‍കി വിട്ടു. നേരത്തെ ചെങ്ങന്നൂരില്‍ വാതിലില്ലാത്ത ബസില്‍ നിന്ന് വീണ് അപകടം ഉണ്ടായപ്പോള്‍ നിരന്തരമായി പരിശോധന നടത്തണമെന്ന് കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.