കല്‍പ്പറ്റ: വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ 2018 – 19 ഭേദഗതി പദ്ധതികള്‍ക്ക് അംഗീകാരം നല്‍കാന്‍ ജില്ലാ ആസൂത്രണ സമിതി യോഗം ചേര്‍ന്നു. ജില്ലാ ആസൂത്രണ ഭവനിലെ ഡോ. എ.പി.ജെ അബ്ദുള്‍ കലാം ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ എ.ആര്‍ അജയ്കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, പ്ലാനിംഗ് ഓഫീസര്‍ ഇന്‍ചാര്‍ജ് സുഭദ്രാ നായര്‍, വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ പ്ലാനിംഗ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുത്തു. കല്‍പ്പറ്റ, ബത്തേരി മുനിസിപ്പാലിറ്റികള്‍, പനമരം, ബത്തേരി ബ്ലോക്ക് പഞ്ചായത്തുകള്‍, അമ്പലവയല്‍, കോട്ടത്തറ, മൂപ്പൈനാട്, നെന്മേനി, പടിഞ്ഞാറത്തറ, പനമരം, പൊഴുതന, തവിഞ്ഞാല്‍, നൂല്‍പ്പുഴ, തൊണ്ടര്‍നാട്, വെങ്ങപ്പള്ളി, തിരുനെല്ലി തുടങ്ങിയ ഗ്രാമപഞ്ചായത്തുകളും സമര്‍പ്പിച്ച ഭേദഗതി പദ്ധതികള്‍ക്കാണ് ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നല്‍കിയത്.
പദ്ധതി അംഗീകാരത്തിന് അപ്പുറം പദ്ധതി നിര്‍വഹണത്തിനു കൂടി മുന്‍തൂക്കം നല്‍കണമെന്നും പദ്ധതി നിര്‍വഹണത്തില്‍ സംസ്ഥാന തലത്തില്‍ വയനാട് ജില്ലയ്ക്ക് ഒന്നാം സ്ഥാനം ലഭിക്കാനുള്ള പ്രവര്‍ത്തനങ്ങളുണ്ടാവണമെന്നും ജില്ലാ ആസൂത്രണ സമിതി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ പറഞ്ഞു. മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ക്കുള്ളില്‍ നിന്നും പദ്ധതികള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കാന്‍ കഴിയണമെന്നും അവര്‍ പറഞ്ഞു. കാലവര്‍ഷം ശക്തമാകുന്ന സാഹചര്യത്തില്‍ ഭേദഗതി പദ്ധതികളില്‍ അത്തരം സാഹചര്യങ്ങളെ നേരീടുന്നതിനുള്ള പദ്ധതികളുടെ നിര്‍വഹണത്തിന് കൂടുതല്‍ പരിഗണന നല്‍കണമെന്നും മറ്റു പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിയണമെന്നും കളക്ടര്‍ അഭിപ്രായപ്പെട്ടു. പദ്ധതികള്‍ക്ക് അംഗീകാരം ലഭിക്കുന്നതിന് കാലതാമസമുണ്ടാകാതിരിക്കാന്‍ ശ്രമിക്കണമെന്നും ഈ മാസത്തിനു മുമ്പ് മുഴുവന്‍ ഭേദഗതി പദ്ധതികള്‍ക്കും സര്‍ക്കാരില്‍ നിന്നും അംഗീകാരം നേടിയെടുക്കാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ പദ്ധതി നിര്‍വഹണത്തില്‍ ജനപ്രതിനിധികള്‍ക്ക് ഉദ്യോഗസ്ഥരുടെ പൂര്‍ണ്ണ പിന്തുണയുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എസ്റ്റിമേറ്റില്‍ നിശ്ചയിച്ച തുക തികയാത്തതിനെ തുടര്‍ന്നും മറ്റു സാങ്കേതിക തടസങ്ങള്‍ കാരണവും വിവിധ തദ്ദേശ സ്ഥാപനങ്ങള്‍ മുന്‍നിശ്ചയിച്ച പദ്ധതികള്‍ ഭേദഗതി ചെയ്തതിരുന്നു. ഈ പദ്ധതികള്‍ക്കു മുകളിലുള്ള ചര്‍ച്ചയും തുടര്‍ന്നുള്ള അംഗീകാരവുമാണ് ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ ഉണ്ടായത്.
കല്‍പ്പറ്റ മുന്‍സിപ്പാലിറ്റി ഏഴു പദ്ധതികള്‍ ഭേദഗതി ചെയ്യുകയും നാലെണ്ണം പുതുതായി ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ആകെ പ്രതീക്ഷിക്കുന്ന ചിലവ് 2.82 കോടി. ബത്തേരി മുനിസിപ്പാലിറ്റി ഏഴ് പദ്ധതികള്‍ ഒഴുവാക്കുകയും 25 എണ്ണം ഭേദഗതി ചെയ്യുകയും പുതുതായി 15 പദ്ധതികള്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ആകെ പ്രതീക്ഷിക്കുന്ന തുക 6.38 കോടി. പനമരം ബ്ലോക്ക് പഞ്ചായത്ത് ഒന്‍പത് പദ്ധതികള്‍ ഒഴിവാക്കുകയും മൂന്ന് പദ്ധതികള്‍ ഭേദഗതി ചെയ്യുകയും ചെയ്തു. മുമ്പ് നിശ്ചയിച്ച അതെ തുക അടിസ്ഥാനപ്പെടുത്തിയാണ് പദ്ധതികള്‍ ഭേദഗതി ചെയ്തരിക്കുന്നത്. സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് നാല് പദ്ധതികള്‍ ഒഴിവാക്കുകയും പുതുതായി നാല് പദ്ധതികള്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അധിക വിഹിതം ഒഴിവാക്കിയും കാറ്റഗറി -2 ല്‍ വരുന്ന സ്പില്‍ ഓവര്‍ പദ്ധതികള്‍ക്ക് തുക കണ്ടെത്തിയുമാണ് പദ്ധതികള്‍ ഭേദഗതി ചെയ്തതിട്ടുള്ളത്. കാര്യക്ഷമമായി പദ്ധതി നിര്‍വഹണം നടത്തി മാര്‍ച്ചിനു മുമ്പ് ഫണ്ട് വിനിയോഗം പൂര്‍ത്തികരിക്കാനാണ് ജില്ലാപഞ്ചായത്തിന്റെ ലക്ഷ്യം.
