നെന്മേനി: നെന്മേനി ജലവിതരണ സൊസൈറ്റിയുടെ നേതൃത്വത്തില്‍ രണ്ടാംഘട്ട പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച ജലശുദ്ധീകരണ പ്ലാന്റിന്റെ ഉദ്ഘാടനം വ്യവസായ – കായിക യുവജന ക്ഷേമ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ നിര്‍വഹിച്ചു. ഐ.സി ബാലകൃഷ്ണന്‍ എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. രണ്ടുകോടി ചിലവില്‍ നിര്‍മ്മിച്ച പ്ലാന്റില്‍ പ്രതിദിനം 20 ലക്ഷം ലിറ്റര്‍ ജലം ശുദ്ധീകരിച്ച് അയ്യായിരം കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യാം. നിലവില്‍ 3,584 കുടുംബങ്ങള്‍ക്ക് ജലം വിതരണം ചെയ്യുന്നുണ്ട്. ഇതില്‍ 292 കുടുംബങ്ങള്‍ പട്ടികജാതി-വര്‍ഗ വിഭാഗക്കാരും 1,053 കുടുംബങ്ങള്‍ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരും 1,519 കുടുംബങ്ങള്‍ ഇതര വിഭാഗക്കാരുമാണ്.
നെന്മേനി ഗ്രാമപഞ്ചായത്തിലെ കല്ലുമുക്കിലാണ് പ്ലാന്റ്. തിരുവല്ല ജെ.എന്‍.വി എന്‍ജിനീയറിംഗ് കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് പ്ലാന്റിന്റെ പ്രവൃത്തി ഏറ്റെടുത്തത്. പ്രതിമാസം പതിനായിരം ലിറ്റര്‍ വരെ വെള്ളം ഉപയോഗിക്കുന്നവര്‍ 75 രൂപ നല്‍കണം. കൂടുതല്‍ വെള്ളം ആവശ്യമുള്ളവര്‍ക്ക് പ്രത്യേക നിരക്കില്‍ വെള്ളം ലഭ്യമാക്കും. ഗവ. ആശുപത്രിക്ക് താരിഫ് കണക്കാക്കാതെ സൗജന്യമായി വെള്ളം നല്‍കും. ജലവിതരണ പൈപ്പുകളുടെ അറ്റകുറ്റപ്പണികള്‍ക്ക് പോകുന്നതിനു പ്രത്യേക വാഹനവും സൊസൈറ്റിക്കുണ്ട്. മീറ്റര്‍ റീഡിഗും ബില്ലുകളും ഓണ്‍ലൈനാക്കുന്നതിന്റെ ഉദ്ഘാടനം സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതാ ശശി നിര്‍വഹിച്ചു. കോണ്‍ട്രാക്ടര്‍ക്കുള്ള ഉപഹാരം നെന്മേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. കറപ്പനും സോഫ്റ്റ്‌വെയര്‍ കമ്പനിക്കുള്ള ഉപഹാര സമര്‍പ്പണം സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ് താളൂരും നിര്‍വഹിച്ചു. ജലനിധി കണ്ണൂര്‍ പ്രൊജക്റ്റ് മാനേജ്‌മെന്റ് യൂണിറ്റ് ഡയറക്ടര്‍ ടി.പി ഹൈദര്‍ അലി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സമിതി പ്രസിഡന്റ് പി.എം കുര്യാക്കോസ്, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.