കൊച്ചി: സ്‌കൂളുകളില്‍ സുരക്ഷിതവും ഫലപ്രദവുമായ ഇന്റര്‍നെറ്റ് പരിശീലനം നടപ്പാക്കുന്നതിനുള്ള ജില്ലാ ഭരണകൂടത്തിന്റെ ഇ-ജാഗ്രത പദ്ധതി നാലാംഘട്ടത്തിലേയ്ക്ക്. ജൂലൈ 5 ന് രാവിലെ 9.30ന് പദ്ധതിയുടെ നാലാംഘട്ടം ഡിജിപി ലോകനാഥ് ബെഹ്റ ഉദ്ഘാടനം ചെയ്യും. ഇന്‍ഫോപാര്‍ക് ടിസിഎസ് കാമ്പസില്‍ നടക്കുന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ കെ മുഹമ്മദ് വൈ സഫിറുള്ള പങ്കെടുക്കും.

നാലാംഘട്ടത്തില്‍ എറണാകുളം, ആലുവ, മൂവാറ്റുപുഴ, കോതമംഗലം വിദ്യാഭ്യാസ ജില്ലകളിലെ 101 സര്‍ക്കാര്‍ സ്‌കൂളുകളിലെ എട്ട് , ഒമ്പത്, പത്ത് ക്ളാസുകളിലെ 12577 വിദ്യാര്‍ത്ഥികള്‍ക്കാണ് പരിശീലനം നല്കുക. ഇതില്‍ എട്ടാം ക്ളാസിലെ 3843 വിദ്യാര്‍ത്ഥികള്‍ ഇ-ജാഗ്രത പദ്ധതിയുടെ മുന്‍ഘട്ടങ്ങളിലൊന്നും പരിശീലനം ലഭിക്കാത്തവരാണ്. 303 കുട്ടികള്‍ക്ക് ടിസിഎസില്‍ നിന്നും നേരിട്ടും 12274 പേര്‍ക്ക് പരിശീലനം ലഭിച്ച വിദ്യാര്‍തഥികളില്‍ നിന്നും ക്ളാസുകള്‍ ലഭിക്കും.

ജൂലൈ 5-ന് ആരംഭിക്കുന്ന നാലാംഘട്ടത്തിന്റെ ആദ്യപാദത്തില്‍ 65 സ്‌കൂളുകളില്‍ നിന്നായി എട്ടാംക്ളാസില്‍ പഠിക്കുന്ന 130 കുട്ടികള്‍ക്കാണ് പരിശീലനം നല്കുക. എറണാകുളം, ആലൂവ മേഖലകളില്‍ നിന്നുള്ളവരാണ് ഈ വിദ്യാര്‍ത്ഥികള്‍. ജൂലൈ മൂന്നാം വാരത്തോടെ മൂവാറ്റുപുഴ, കോതമംഗലം മേഖലകളിലെ 36 സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ടിസിഎസില്‍ പരിശീലനം നല്കും. അടിസ്ഥാന പരിശീലനത്തിനുപുറമെ ബ്ളോഗിംഗ് ഉള്‍പ്പെടെയുള്ള അഡ്വാന്‍സ് കമ്പ്യൂട്ടര്‍ പരിശീലനവും കുട്ടികള്‍ക്ക് നല്കും.

2016-ല്‍ ആരംഭിച്ച ഇ-ജാഗ്രത പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 101 ഗവണ്‍മെന്റ് ഹൈസ്‌ക്കൂളുകളെയാണ് തിരഞ്ഞെടുത്തത്. രണ്ടാംഘട്ടത്തില്‍ 161 എയ്ഡഡ് സ്‌കൂളുകളിലേക്ക് കൂടി പദ്ധതി വ്യാപിപ്പിച്ചു. ഇ- ജാഗ്രത മൂന്നാംഘട്ടത്തില്‍ 101 സര്‍ക്കാര്‍ സ്‌കൂളുകളെയും 51 എയ്ഡഡ് സ്‌കൂളുകളെയും ഉള്‍പ്പെടുത്തിയിരുന്നു.

ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസുമായി സഹകരിച്ചാണ് ഇ-ജാഗ്രത പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയ്ക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ സാമ്പത്തിക പിന്തുണയുമുണ്ട്.

വിദ്യാഭ്യാസരംഗത്തെ മികവ് ഉയര്‍ത്തുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ സ്മാര്‍ട് ക്ളാസ് റൂമുകള്‍ സ്ഥാപിക്കുന്നുണ്ട്. ഇവയുടെ ഫലപ്രദമായ ഉപയോഗവും പദ്ധതി ലക്ഷ്യം വയ്ക്കുന്നു. സ്‌കൂളുകളില്‍ കമ്പ്യൂട്ടറുകളും അനുബന്ധ സാമഗ്രികളും അടങ്ങിയ ഐ.ടി അടിസ്ഥാന സൗകര്യം, ഇന്റര്‍നെറ്റ് കണക്ടിവിറ്റി എന്നിവ സ്ഥാപിക്കുന്നതോടൊപ്പം സുരക്ഷിതമായ ഉപയോഗം, സൈബര്‍ നിയമങ്ങള്‍ എന്നിവ സംബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പദ്ധതി വഴി ബോധവല്‍ക്കരണം നല്‍കി. നിയമലംഘനത്തിന്റെ ഭവിഷ്യത്തുകള്‍ വിദ്യാര്‍ത്ഥികളെ ബോധ്യപ്പെടുത്തുന്ന രീതിയിലുള്ള ബോധവല്‍ക്കരണ പരിപാടിയാണിത്. ഇ- ലോകം, സുരക്ഷിത ഇന്റര്‍നെറ്റ്, ഗെയിമിങ്, സോഷ്യല്‍ മീഡിയ, സുരക്ഷിത മൊബൈല്‍ ഉപയോഗം, ഇന്റര്‍നെറ്റിന്റെ സദ്ഫലങ്ങള്‍, സൈബര്‍ ഭീഷണികള്‍, സൈബര്‍ കുറ്റകൃത്യങ്ങള്‍, സൈബര്‍ നിയമങ്ങള്‍, തൊഴില്‍ സാധ്യതകള്‍, ക്ളൗഡ് കമ്പ്യൂട്ടിങ്, ആന്‍ഡ്രോയിഡ് ഡെവലപ്‌മെന്റ്, എത്തിക്കല്‍ ഹാക്കിങ് തുടങ്ങിയവ പാഠ്യപദ്ധതിയിലുള്‍പ്പെടുന്നു.

2017ലെ അന്താരാഷ്ട്ര വിദ്യാഭ്യാസ ഉച്ചകോടിയിലും 2018 അജ്മീറിലെ സ്മാര്‍ട് സിറ്റി കോണ്‍ഫറന്‍സില്‍ ഇന്നവോഷന്‍ ഇന്‍ ഐടി വിഭാഗത്തിലും ഇ-ജാഗ്രത പുരസ്‌കാരത്തിന് അര്‍ഹമായി. 2018-ലെ സ്‌കോച്ച് അവാര്‍ഡും ഇ-ജാഗ്രതയ്ക്ക് ലഭിച്ചിട്ടുണ്ട്.