കാക്കനാട്: സര്‍വ്വീസില്‍നിന്നും വിരമിച്ച ലാന്റ് അക്വിസിഷന്‍ ഡെപ്യൂട്ടി കലക്ടര്‍ എം.പി.ജോസിന് മൂലമ്പിള്ളി കോ ഓഡിനേഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ആദരം. വല്ലാര്‍പ്പാടം പദ്ധതിയ്ക്കുവേണ്ടി 2008ല്‍ ഒഴിപ്പിക്കപ്പെട്ട 316 കുടുംബങ്ങളുടെ പുനരധിവാസത്തിന് മേല്‍നോട്ടം വഹിക്കുന്നത് കമ്മറ്റിയാണ്.  ബന്ധപ്പെട്ട ഉദ്യോഗസ്ഥരും സമരസമിതി നേതാക്കളുമാണ് ജില്ലാ കലക്ടര്‍ അധ്യക്ഷനായ കമ്മറ്റിയിലെ അംഗങ്ങള്‍.  മൂലമ്പള്ളി സമരത്തിന്റെ വിവിധ ഘട്ടങ്ങള്‍ ആലേഖനം ചെയ്ത മൊമെന്റോ ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള എം.പി.ജോസിന് കൈമാറി. കമ്മറ്റി ജനറല്‍ കണ്‍വീനര്‍ ഫ്രാന്‍സിസ് കളത്തിങ്കല്‍ പൊന്നാടയണിയിച്ചു.  മൂലമ്പള്ളി പാക്കേജുമായി ബന്ധപ്പെട്ട മോണിറ്ററിങ് കമ്മറ്റിയുടെ പ്രതിമാസ യോഗങ്ങള്‍ കാര്യക്ഷമമായി നടത്തുന്നതിലും പാക്കേജിലെ തടസ്സങ്ങള്‍ നീക്കുന്നതിലും എം പി ജോസ് പ്രധാന പങ്കു വഹിച്ചെന്ന് കണ്‍വീനര്‍ പറഞ്ഞു. വി.പി.വില്‍സണ്‍, കെ.റെജികുമാര്‍, കുരുവിള മാത്യൂസ്, ഏലൂര്‍ ഗോപിനാഥ്, സി.ആര്‍.നീലകണ്ഠന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.