** കയർ കേരള 2018 ന്റെ വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു
കയർ മേഖലയുടെ നവീകരണവും ഉത്പന്ന വൈവിധ്യവും ലക്ഷ്യമിട്ട് ആരംഭിച്ച ‘കയർ കേരള’ അന്താരാഷ്ട്ര  പ്രദർശന വിപണന മേള വൻ വിജയമായെന്നും ഇതു കയർ മേഖലയ്ക്ക് പുത്തൻ ഉണർവു നൽകിയെന്നും പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ. ഈ വർഷത്തെ കയർ കേരള മേളയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
രാജ്യത്തെ കയർ ഉത്പന്ന കയറ്റുമതിയുടെ മൂന്നിൽ ഒന്നും കേരളത്തിന്റെ സംഭാവനയാണെന്നു മന്ത്രി ചൂണ്ടിക്കാട്ടി. 860 കോടി രൂപയുടെ വിറ്റുവരവാണിത്. 2010ൽ ആകെ കയറ്റുമതി 400 കോടിയോളം രൂപയേ ഉണ്ടായിരുന്നുള്ളൂ. എട്ടു വർഷംകൊണ്ട് ഇരട്ടിയിലേറെ വർധിച്ചതിൽ കയർ കേരള വിപണന മേളയ്ക്കു വലിയ പങ്കുണ്ടെന്നും മന്ത്രി പറഞ്ഞു.
കയർപിരി മേഖലയുടെ സാധ്യതകൾ തിരിച്ചറിഞ്ഞ് ചകിരി നാരിന്റെ ദൗർലഭ്യം ഇല്ലാതാക്കാൻ കഴിയണമെന്നു മന്ത്രി പറഞ്ഞു. കയറിനെ പി.ഡബ്ല്യു.ഡി മാന്വലിൽ ഉൾപ്പെടുത്താനായത് വലിയ നേട്ടമാണ്. റോഡ് നിർമാണത്തിന് കയർ ഉപയോഗിക്കാൻ തുടങ്ങിയത് ഈ മേഖലയുടെ വളർച്ചയ്ക്ക് ഏറെ സഹായകരവും പരിസ്ഥിതിക് സൗഹൃദവുമാണെന്നും മന്ത്രി പറഞ്ഞു.
ഒക്ടോബർ ഏഴു മുതൽ 11 വരെയാണ് ആലപ്പുഴ ഇ.എം.എസ്. സ്റ്റേഡിയത്തിൽ ‘കയർ കേരള 2018’ നടക്കുന്നത്. ഔദ്യോഗിക വെബ്‌സൈറ്റ് വഴി ആഭ്യന്തര, വിദേശ വ്യാപാരികൾക്കു നേരിട്ട് രജിസ്‌ട്രേഷൻ നടത്താനാകും. എക്‌സിബിഷനിൽ പങ്കെടുക്കുന്ന കയർ അനുബന്ധ മേഖലയിലെ കയറ്റുമതി വ്യാപാരികൾക്കും സ്റ്റാളുകൾ ഇതുവഴി ബുക്ക് ചെയ്യാം. പ്രദർശന വിപണന മേളയ്‌ക്കൊപ്പം കയർ മേഖലയുടെ നവീകരണത്തിന്റെയും ഉത്പന്ന വൈവിധ്യത്തിന്റെയും ഭാഗമായി നടപ്പാക്കുന്ന തൊണ്ട് സംഭരണം, ചകിരി ഉത്പാദനം, കയർ ഭൂവസ്ത്ര വിതാനം തുടങ്ങിവയുടെ അവലോകനവും തുടർ നടപടികളെ സംബന്ധിച്ച ക്രിയാത്മക നിർദേശങ്ങളും ചർച്ചയും ഇത്തവണത്തെ കയർ കേരളയോടനുബന്ധിച്ചു സംഘടിപ്പിച്ചിട്ടുണ്ട്.
മന്ത്രി ജി. സുധാകരന്റെ ഔദ്യോഗിക വസതിയായ നെസ്റ്റിൽ നടന്ന വെബ്‌സൈറ്റ് ഉദ്ഘാടന ചടങ്ങിൽ കയർ വകുപ്പ് സെക്രട്ടറി മിനി ആന്റണി, ഡയറക്ടർ എൻ. പത്മകുമാർ, കയർ കോർപ്പറേഷൻ ചെയർമാൻ ആർ. നാസർ, ഫോംമാറ്റിങ്‌സ് ചെയർമാൻ കെ.ആർ. ഭഗീരഥൻ, കയർ യന്ത്രനിർമാണ ഫാക്ടറി ചെയർമാൻ കെ. പ്രസാദ്, കെ.എസ്.ഡി.പി. ചെയർമാൻ സി.ബി. ചന്ദ്രബാബു എന്നിവരും പങ്കെടുത്തു.