കല്‍പ്പറ്റ: മുത്തങ്ങ സമരത്തില്‍ പങ്കെടുത്ത ഭുരഹിതരായ പട്ടികവര്‍ഗ്ഗ വിഭാഗക്കാരായ ആദിവാസികള്‍ക്കുള്ള ഭൂമി വിതരണ ചെയ്യാനുള്ള സര്‍വ്വേ നടപടികള്‍ വേഗത്തിലാക്കാന്‍ ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍ വിവധ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദ്ദേശം നല്‍കി. ഇന്നലെ കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അവലോകന യോഗത്തിലാണ് കളക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയത്. കണ്ടെത്തിയ പ്ലോട്ടുകള്‍ കാട് വെട്ടി തെളിച്ച് പദ്ധതി നിര്‍വഹണം വേഗത്തിലാക്കണം. ആവശ്യത്തിന് സര്‍വ്വേയര്‍മാരില്ലാത്ത സാഹചര്യത്തില്‍ സ്വകാര്യ സര്‍വ്വേയര്‍മാരെ കാരാറടിസ്ഥാനത്തില്‍ നിയമിക്കാനും തീരുമാനമായി. പ്രവര്‍ത്തികള്‍ക്കു സര്‍വ്വേ സുപ്രണ്ട് നേതൃത്വം നല്‍കും. ആഗസ്റ്റ് 10നു മുമ്പു കാട് വെട്ടിതെളിച്ച് സെപ്തംബര്‍ 13ന് സര്‍വ്വേ നടപടികള്‍ തുടങ്ങണം. സെപ്തംബര്‍ 30 നു മുമ്പ് സര്‍വ്വേ നടപടികള്‍ പൂര്‍ത്തിയാക്കാനും കളക്ടര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സര്‍വ്വേ നടപടികള്‍ പൂര്‍ത്തിയാക്കി ഒക്ടോബര്‍ രണ്ടാം വാരത്തോടെ ആദിവാസികള്‍ക്ക് കൈവശാവകാശ രേഖ നല്‍കാനാണ് ജില്ലാ ഭരണകുടം ആലോചിക്കുന്നത്.
ഭൂമികണ്ടെത്തി അടയാളപ്പെടുത്താത ഇടങ്ങളില്‍ വനംവകുപ്പ് – സര്‍വ്വേ വകുപ്പ് – റെവന്യൂ വകുപ്പുകളുടെ നേതൃത്വത്തില്‍ സംയുക്ത പരിശോധന ഈയാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കി സംയുക്ത റിപ്പോര്‍ട്ട് ഒരുമിച്ച് സമര്‍പ്പിക്കാനും നിര്‍ദ്ദേശം നല്‍കി. കണ്ടെത്തിയ സ്ഥലങ്ങളുടെ ഭൂപടം സൈറ്റില്‍ അപ് ലോഡ് ചെയ്യാന്‍ നേരിടുന്ന സാങ്കേതിക തടസങ്ങള്‍ പരിഹരിക്കാന്‍ നടപടി സ്വീകരിക്കാനും തീരുമാനമായി.
മുത്തങ്ങ സമരത്തില്‍ പങ്കെടുത്ത ഭുരഹിതരായ പട്ടികവര്‍ഗ്ഗക്കാരായ 283 പേര്‍ക്കാണ് ഭൂമി നല്‍കാനുള്ളത്. ഇതില്‍ 141 പേര്‍ക്ക് രേഖകളായി. 37 പേര്‍ക്കുള്ള പട്ടയ നടപടികള്‍ തയാറായിട്ടുണ്ട്. ബാക്കി 105 പേര്‍ക്കാണ് ഭൂമി നല്‍കാനുള്ളത്. മാനന്തവാടി താലൂക്കില്‍ 26 ഏക്കറോളം ഭൂമി കണ്ടെത്തിയിട്ടുണ്ട്. 3600 മീറ്ററോളം കാട് വെട്ടിതെളിക്കണം. ഇതിന്റെ നടപടികള്‍ വേഗത്തിലാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബത്തേരി താലൂക്കിലെ മരിയനാട് എസ്‌റ്റേറ്റില്‍ 39 പേര്‍ക്കു ഭൂമി നല്‍കാനുള്ള നടപടികളും നടന്നുവരികയാണ്. വൈത്തിരി താലൂക്കില്‍ 40 പ്ലോട്ടുകള്‍ കണ്ടെത്തണം.
ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഡെപ്യൂട്ടി കളക്ടര്‍ ഇ.പി മേഴ്‌സി, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, വനം വകുപ്പ് ഉദ്യോഗസ്ഥര്‍, താലൂക്ക് തഹദില്‍മാര്‍, ഡെപ്യൂട്ടി തഹസില്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.