മാനന്തവാടി: ബ്ലോക്ക് ഹരിതസമിതിയുടെ പങ്കാളിത്ത ഗ്രാമവിശകലന പരിപാടി മില്‍ക്ക് സൊസൈറ്റി ഹാളില്‍ നടന്നു. ബ്ലോക്ക് പരിധിയിലെ ജൈവവൈവിധ്യ സംരക്ഷണം, വനത്തിനകത്തും പുറത്തുമുള്ള ഹരിതവല്‍ക്കരണം, ജലസ്രോതസുകളുടെയും നീര്‍ത്തടങ്ങളുടെയും കാവുകളുടെയും സംരക്ഷണം, കാര്‍ഷികമേഖലയുടെ പുനരുദ്ധാരണം എന്നിവയുമായി ബന്ധപ്പെട്ട് സൂക്ഷ്മാസൂത്രണരേഖ തയ്യാറാക്കി.
ജില്ലാ പഞ്ചായത്ത് ഉപാദ്ധ്യക്ഷന്‍ എ. പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അദ്ധ്യക്ഷ ഗീതാ ബാബു അദ്ധ്യക്ഷത വഹിച്ചു. സോഷ്യല്‍ ഫോറസ്ട്രി എ.സി.എഫ് എ.ഷജ്ന പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് മുന്‍ അദ്ധ്യക്ഷ ടി. ഉഷാകുമാരി, നഗരസഭ ചെയര്‍മാന്‍ ഇന്‍ ചാര്‍ജ് പി.ടി ബിജു, തിരുനെല്ലി പഞ്ചായത്ത് അദ്ധ്യക്ഷ മായാദേവി, എടവക പഞ്ചായത്ത് അദ്ധ്യക്ഷ ഉഷ വിജയന്‍, വെള്ളമുണ്ട പഞ്ചായത്ത് അദ്ധ്യക്ഷ അനീഷ സുരേന്ദ്രന്‍, തൊണ്ടര്‍നാട് പഞ്ചായത്ത് ഉപാദ്ധ്യക്ഷ സലോമി ഫ്രാന്‍സിസ്, ഫോറസ്റ്റര്‍ സുന്ദരന്‍, ഹരിതസമിതി സെക്രട്ടറി സുരേഷ് ബാബു തുടങ്ങിയവര്‍ സംസാരിച്ചു.
