ആലപ്പുഴ: ജില്ലയിൽ രൂക്ഷമായ കടലേറ്റം നേരിടുന്ന പ്രദേശങ്ങൾ പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ ചൊവ്വാഴ്ച സന്ദർശിച്ചു.    പുറക്കാട്, കാക്കാഴം, വളഞ്ഞവഴി, എന്നിവടങ്ങളിലെ കടലാക്രമണത്തിൽ തകർന്ന   വീടുകൾ മന്ത്രി സന്ദർശിക്കുകയും     വീട്ടുകാരോട് വിവരങ്ങൾ ആരായുകയും ചെയ്തു. പല വീടുകളിലും കടൽത്തിര പൂർണമായും കയറിയ സാഹചര്യമുണ്ട്.  പുറക്കാട് ധീവരസഭ കരയോഗത്തിലെ ക്യാമ്പ് , കാർഗിൽ ജങ്ഷനിലെ ക്യാമ്പ് എന്നിവയും തകർന്ന വീടുകളും  സന്ദർശിച്ചു. കടലാക്രമണത്തിൽ വീട്  തകർന്നവർക്ക് അത് പുനർനിർമിക്കുന്നതിന് പത്തുലക്ഷം രൂപ സർക്കാർ നൽകുമെന്ന്  മന്ത്രി പറഞ്ഞു. ഇതിൽ ആറുലക്ഷം രൂപ സ്ഥലം വങ്ങുന്നതിനും നാല് ലക്ഷം രൂപ വീട് നിർമിക്കാനുമാണ് അനുവദിക്കുക. വീടുകൾ എത്രയും പെട്ടന്ന് പുനർനിർമിക്കാനുള്ള നടപടി സ്വീകരിക്കും. ഇതിന്റെ ആദ്യ ഗഡുവായി 25,000 രൂപ ഉടനെ നൽകാൻ മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.  ഈ തുക മുഖ്യമന്ത്രി നേരിട്ട് നൽകും. മന്ത്രിയോടൊപ്പം അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രജിത് കാരിക്കൽ, അമ്പലപ്പുഴ തഹസിൽദാർ ആശാ എബ്രഹാം,  അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റ്  അഫ്‌സത്ത് , പുറക്കാട് പഞ്ചായത്ത് പ്രസിഡന്റ് റഹ്മത്ത് , വാർഡ് അംഗങ്ങൾ, രാഷ്ട്രീയ കക്ഷി പ്രതിനിധികൾ എന്നിവരും ഉണ്ടായിരുന്നു.