* ജില്ലാ കളക്ടർ മഴക്കെടുതി നേരിടുന്ന പ്രദേശങ്ങൾ സന്ദർശിച്ചു
* 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നു

ജില്ലയിൽ മഴക്കെടുതി നേരിടുന്നതിന് അടിയന്തര ദുരിതാശ്വാസ നടപടികൾ സ്വീകരിച്ചതായി ജില്ലാ കളക്ടർ ഡോ. കെ. വാസുകി പറഞ്ഞു. ജില്ലയിലെ മഴക്കെടുതി നേരിടുന്ന പ്രദേശങ്ങൾ സന്ദർശിക്കുകയായിരുന്നു കളക്ടർ. എല്ലാ താലൂക്കിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തിങ്കളാഴ്ച രാത്രി തന്നെ പ്രവർത്തനം ആരംഭിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി താലൂക്കുകളിൽ പ്രത്യേക ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കേണ്ടി വന്നാൽ അതിനാവശ്യമായ ഭക്ഷ്യവസ്തുക്കൾ ലഭ്യമാക്കുന്നതിന് സപ്ലൈകോയ്ക്കും ഹോർട്ടികോർപ്പിനും നിർദേശം നൽകി.

തമ്പാനൂരിൽ വെള്ളക്കെട്ടിലായ എസ്.എസ്. കോവിൽ റോഡ് സന്ദർശിച്ച കളക്ടർ വ്യാപാരികളുമായി സംസാരിച്ചു. കരിമഠം കോളനി, മണക്കാട് എന്നിവിടങ്ങളിലെ വെള്ളംകയറിയ വീടുകളും സന്ദർശിച്ചു. മേലാറന്നൂരിൽ എൻ.ജി.ഒ. ക്വാർട്ടേഴ്‌സിനു സമീപം മരം റോഡിൽ വീണ് ഗതാഗത തടസമുണ്ടായി. കളക്ടർ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ഫയർഫോഴ്‌സെത്തി മരം മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു.

തൈക്കാട്, ജഗതി, കാരക്കാട് എന്നിവിടങ്ങളിൽ ജലനിരപ്പ് ഉയരുന്നതിനാൽ വെള്ളംകയറുന്ന വീടുകളിൽ നിന്ന് വീട്ടുകാരെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിന് തിരുവനന്തപുരം തഹസിൽദാർക്ക് നിർദേശം നൽകി. കടകംപള്ളി താലൂക്കിലെ വേളി ഗുഡ്‌സ് യാഡ് കോളനിയിലെ വീടുകളിൽ വെള്ളംകയറിയതിനെത്തുടർന്ന് താമസക്കാരെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റി. നദികളിലെ ജലനിരപ്പ് ഉയർന്നതിനാൽ തീരവാസികൾ ജാഗ്രത പാലിക്കണമെന്നും വെള്ളക്കെട്ടിൽ ഇറങ്ങാതെ ശ്രദ്ധിക്കണമെന്നും കളക്ടർ പറഞ്ഞു.  തൈക്കാട് കിറ്റ്‌സിൽ മരം വീണ് കാറിന് നാശനഷ്ടം സംഭവിച്ചു. കാട്ടാക്കടയിൽ കള്ളിക്കാട് മേഖലയിൽ വ്യാപകമായ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക വിവരം. കാട്ടാക്കട താലൂക്കിലെ കള്ളിക്കാട് മൂന്നു വീടും പെരുംകുളത്ത് രണ്ടു വീടും പൂർണമായി തകർന്നു. കുളത്തുമ്മലിൽ രണ്ടു വീട് ഭാഗികമായി തകർന്നു. പലയിടത്തും വൈദ്യുതി ലൈനിനു മുകളിലേക്കും റോഡിലേക്കും മരങ്ങൾ വീണതിനാൽ വൈദ്യുതി തടസവും ഗതാഗത തടസവും ഉണ്ടായി. വൈദ്യുതി തടസം അടക്കം പരിഹരിക്കുന്നതിന് യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കാൻ കെ.എസ്.ഇ.ബി.ക്കും ബന്ധപ്പെട്ട വകുപ്പുകൾക്കും കളക്ടർ നിർദേശം നൽകി.  അസിസ്റ്റന്റ് കളക്ടർ ജി. പ്രിയങ്കയും കളക്ടർക്കൊപ്പമുണ്ടായിരുന്നു.  ദുരന്തനിവാരണ ഡെപ്യൂട്ടി കളക്ടർ അനു. എസ്. നായരുടെ നേതൃത്വത്തിൽ ദുരിതാശ്വാസ നടപടികൾ പുരോഗമിക്കുന്നു.