മതനിരപേക്ഷതയ്ക്കും സ്ത്രീശാക്തീകരണത്തിനും വേണ്ടി നിലക്കൊള്ളണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രാമവർമ്മപുരം കേരള പോലീസ് അക്കാദമിയിൽ വനിത ബറ്റാലിയൻ പ്രഥമ ബാച്ചിന്റെ പാസ്സിങ്ങ് ഔട്ട് പരേഡിൽ സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സ്ത്രീ സമത്വത്തിന് സർക്കാർ കാര്യക്ഷമമായ പ്രവർത്തനങ്ങളാണ് നടത്തുന്നത്. ഇത്തരം പശ്ചാത്തലത്തിൽ ഈ മേഖലയിൽ 25 ശതമാനം വനിതാപ്രാതിനിധ്യം ഉറപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇത് 15 ശതമാനം വരെ നടപ്പാക്കാനായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിൽ സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി എല്ലാ പഞ്ചായത്തുകളിലും പോലീസിനൊപ്പം നിർഭയ വളണ്ടിയർമാരുടെ സേവനം ഉറപ്പാക്കൂം. അവിടെ സ്ത്രീകളുടെ പരാതികൾ സ്വീകരിക്കാൻ വനിതാ പോലീസിനെ നിയോഗിക്കും. സ്ത്രീകളുടെയും കുട്ടികളുടെയും പ്രശ്‌നങ്ങൾ പരിഹരിക്കാൻ സത്രീകൾക്കും കുട്ടികൾക്കും പ്രത്യേക വകുപ്പ് തന്നെ രൂപീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് വിവിധ പദ്ധതികൾ ആവിഷ്‌ക്കരിക്കുമ്പോൾ സ്ത്രീപക്ഷ കാഴ്ചപ്പാടു വേണം. സർക്കാർ എല്ലാ വകുപ്പുകളിലും സ്ത്രീകൾക്ക് തുല്യഅവസരം നൽകും. ഇതിലൂടെ സ്ത്രീകളുടെ ഉന്നമനത്തിന് വേണ്ടി നിലകൊള്ളുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അർഹതയുള്ളവരെ പോലീസിൽ നിയോഗിക്കണമെന്നതാണ് സർക്കാരിന്റെ നയം. സ്‌പെഷൽ റിക്രൂട്ട്‌മെന്റ് നടത്തിയാണ് വനിതകളെ നിയമിച്ചിരിക്കുന്നത്. തുടർച്ചയായ ഇതു നടത്തേണ്ടി വരും. അങ്ങനെ സത്രീകൾക്കും പുരുഷൻമാർക്കും തുല്യ അവസരം ഉറപ്പാക്കും. ചില സാഹചര്യങ്ങളിൽ പൊതുവായി തന്നെ വനിതാനിയമനം നടത്തും. കഴക്കൂട്ടത്ത് പത്തേക്കറിൽ വനിതാബറ്റാലിയൻ ഓഫീസ് പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഏതുസാഹചര്യങ്ങളെയും നേരിടാനുള്ള പരിശീലനം സിദ്ധിച്ച സേനാംഗങ്ങൾ വകുപ്പിന്റെ എക്കാലത്തെയും മാതൃകയാണ്. സ്ഥാനമാനങ്ങളേക്കാൾ വലുത് കാര്യക്ഷമമായ പ്രവർത്തനങ്ങളാണ്. ഈ വകുപ്പിലും ഇത്തരത്തിലുള്ള സമീപനം ആവശ്യമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ചടങ്ങിൽ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, പോലീസ് അക്കാദമി ഡയറക്ടർ ഡോ. ബി. സന്ധ്യ എന്നിവർ അഭിവാദ്യം സ്വീകരിച്ചു. കോർപ്പറേഷൻ മേയർ അജിത ജയരാജൻ, തൃശൂർ മേഖല റേഞ്ച് ഐ ജി എം.ആർ. അജിത്കുമാർ, പോലീസ് മേധാവി (സിറ്റി) യതീഷ് ചന്ദ്ര, പോലീസ് മേധാവി (റൂറൽ) എം.കെ. പുഷ്‌കരൻ, സബ് കളക്ടർ ഡോ. രേണുരാജ് എന്നിവർ പങ്കെടുത്തു. ചടങ്ങിൽ ചീഫ് മിനിസ്റ്റേഴ്‌സ് ട്രോഫി ഫോർ ബെസ്റ്റ് കാഡറ്റ് കെ പി അജിതയ്ക്കും ബെസ്റ്റ് കമാന്റോ ദയ പാർവ്വതിയ്ക്കും പരേഡ് കമാന്റർ എസ് അൻസിയ്ക്കും ബെസ് ഔട്ട്‌ഡോർ പി ടി പ്രിറ്റിമോൾക്കും ബെസ്റ്റ് ഇൻഡോർ ജോസ്‌ന ജോയിക്കും ബെസ്റ്റ് ഷൂട്ടർ പി ആർ നിമിഷയ്ക്കും സമ്മാനിച്ചു.തുടർന്ന് വനിത കമാൻഡോകളുടെ വിവിധ ഡെമോൺസ്‌ട്രേഷനും കളരിയഭ്യാസവും നടന്നു. 578 വനിതാ പോലീസ് സേനാംഗങ്ങളിൽ 44 പേരാണ് കമാൻഡോ പരിശീലനം നേടിയത്. ഇ-ലേണിംഗ് സംവിധാനത്തിലൂടെ പരിശീലനവും പരീക്ഷയും പൂർത്തയാക്കിയ ആദ്യത്തെ ബാച്ചാണിത്. ഇവർ ഐക്യരാഷ്ട്രസഭയുടെ വിമൻ ട്രെയിനിങ്ങ് സെന്റർ ഇ ലേണിംഗ് ക്യാമ്പസിൽ നിന്നും ‘ഐ നോ ജെൻഡർ’ 1, 2, 3 മൊഡ്യൂളുകൾ പൂർത്തിയാക്കിയിട്ടുണ്ട്. ഒമ്പതു മാസക്കാലത്തെ പരിശീലനത്തിന്റെ ഭാഗമായി അടിസ്ഥാന നിയമങ്ങളോടൊപ്പം ദൂരന്തനിവാരണം, കളരി, യോഗ, കരാട്ടെ, നീന്തൽ, ഡ്രൈവിങ്ങ്, കമ്പ്യൂട്ടർ, ആംസ്, ജംഗിൾ ട്രെയിനിങ്ങ്, ഫസ്റ്റ് എയ്ഡ് എന്നിവയിലും പ്രാവീണ്യവും നേടിയിട്ടുണ്ട്. 82 പേർ ബിരുദാനന്തരബിരുദം, 19 പേർ ബി.ടെക്, 5 പേർ എം ബി എ, 4 പേർ എം സി എ, 55 പേർ ബിരുദാനന്തരബിരുദത്തോടൊപ്പം ബി എഡ്, ഒരാൾ എം എഡ്, 62 പേർ ബിരുദത്തോടൊപ്പം ബി എഡ്, 3 പേർ ബിരുദത്തോടൊപ്പം ഡിപ്ലോമ, 229 പേർ ബിരുദം, 23 പേർ പോളിടെക്‌നിക് ഡിപ്ലോമ, 21 പേർ ടി ടി സി, 60 പേർ എച്ച് എസ് ഇ, 14 പേർ എസ്എസ്എൽസി യോഗ്യതയുളളവരാണ്.