ഇരുപത്തിയേഴ് ഗ്രാമപഞ്ചായത്തുകളില്‍ കൂടി പുതിയ സപ്ലൈകോ ഔട്ട്‌ലെറ്റുകള്‍ തുടങ്ങുമെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി പി.തിലോത്തമന്‍ പറഞ്ഞു. സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ തടിയൂരില്‍ ആരംഭിച്ച സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു സപ്ലൈകോ ഔട്ട്‌ലെറ്റുകള്‍ പോലുമില്ലാത്ത പഞ്ചായത്തുകള്‍ക്കാണ് മുന്‍ഗണന നല്‍കുക. എല്‍.ഡി.എഫ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തതു പോലെ തന്നെ പതിമൂന്ന് സബ്‌സിഡി ഉത്പ്പന്നങ്ങള്‍ക്ക് വില കൂട്ടുകയില്ല. നിലവില്‍ കേരളത്തില്‍ 1600 ഔട്ട്‌ലെറ്റുകളാണുള്ളത്. ജനങ്ങള്‍ സബ്‌സിഡി ഉത്പ്പന്നങ്ങള്‍ മാത്രമല്ല നിത്യോപയോഗ സാധനങ്ങളും സപ്ലൈകോയില്‍ നിന്ന് വാങ്ങണമെന്നും കേരളത്തിലെ പൊതുവിതരണ സംവിധാനത്തെ ശക്തിപ്പെടുത്താന്‍ ഓണ്‍ലൈന്‍ സംവിധാനവും ഇപ്പോള്‍ നിലവിലുണ്ടെന്നും മന്ത്രി പറഞ്ഞു.
തടിയൂര്‍ ബാങ്ക് കവലയിലെ കാക്കുറുമ്പില്‍ കെട്ടിടത്തിലാണ് സപ്ലൈകോയുടെ പുതിയ ഔട്ട്‌ലെറ്റ് പ്രവര്‍ത്തിക്കുന്നത്. രാജു ഏബ്രഹാം എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ആന്റോ ആന്റണി എം.പി ആദ്യ വില്‍പന നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ്ജ് മാമന്‍ കോണ്ടൂര്‍, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിര്‍മലാ മാത്യൂസ്, അയിരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് തമ്പി, എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയന്‍ പുളിക്കല്‍, കൊറ്റനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ് സുജാത, തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എല്‍സി ക്രിസ്റ്റഫര്‍, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജോണ്‍സണ്‍ മാത്യു, അയിരൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ്‌മെമ്പര്‍ വര്‍ഗീസ് ഫിലിപ്പ് മോനായി, ജില്ലാ സപ്ലൈ ഓഫീസര്‍ എം.എസ് ബീന, സപ്ലൈകോ കോട്ടയം മേഖല മാനേജര്‍ ബി.ജ്യോതികൃഷ്ണ, രാഷ്ട്രീയകക്ഷി നേതാക്കളായ കെ.പി ഉദയഭാനു, എ.പി ജയന്‍, ബാബു ജോര്‍ജ്, ടി.എം ഹമീദ്, സനോജ് മേമന, പാപ്പച്ചന്‍ കൊച്ചുമേപ്രത്ത്, സാംകുട്ടി പാലയ്ക്കമണ്ണില്‍, എം.ജെ. രാജു, ജി.അനില്‍കുമാര്‍, ആലിച്ചന്‍ ആറോന്നില്‍, മനോജ് ചരളേല്‍, ഫിലിപ്പ് മാത്യു കുരുടാമണ്ണചന്റ എന്നിവര്‍ പങ്കെടുത്തു.
രവീന്ദ്രറോക്ക്‌സ് ഉടമ ഇടവനാംപൊയ്കയില്‍ എസ് .രവീന്ദ്രന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അഞ്ച് ലക്ഷം രൂപ ചടങ്ങില്‍ സംഭാവന ചെയ്തു.